മാപ്പ്... കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികക്കെതിരായ 'മസാല പോസ്റ്റി'ല്‍ കങ്കണയുടെ ക്ഷമാപണം
India
മാപ്പ്... കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികക്കെതിരായ 'മസാല പോസ്റ്റി'ല്‍ കങ്കണയുടെ ക്ഷമാപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th October 2025, 9:12 pm

ന്യൂദല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത്. പഞ്ചാബിലെ ഭാട്ടിന്‍ഡ കോടതിയില്‍ വെച്ചാണ് കങ്കണ മാപ്പ് പറഞ്ഞത്.

പരാതിക്കാരിയുടെ പങ്കാളിയോട് കോടതിയില്‍ വെച്ച് താന്‍ ക്ഷമാപണം നടത്തിയതായി കങ്കണ മാധ്യമങ്ങളോട് പറഞ്ഞു. 73കാരിയെ അധിക്ഷേപിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഖേദമുണ്ടെന്നും കങ്കണ പ്രതികരിച്ചു.

കനത്ത സുരക്ഷയിലാണ് കങ്കണ കോടതിയിലെത്തിയത്. സെപ്റ്റംബറില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാന്‍ അനുവദിക്കണമെന്ന കങ്കണയുടെ ആവശ്യം കോടതി തള്ളിയിരുന്നു.

നിലവില്‍ ഒക്ടോബര്‍ 27ന് നേരിട്ട് കോടതിയിലെത്തണമെന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ലഖ്ബീര്‍ സിങ്ങിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് കങ്കണ കോടതിയില്‍ എത്തിയത്.

2021ലെ കര്‍ഷകസമരത്തില്‍ പങ്കെടുത്ത 73 കാരിയെക്കുറിച്ച് കങ്കണ എക്സില്‍ പങ്കുവെച്ച ട്വീറ്റിലാണ് പൊലീസ് കേസെടുത്തത്. സമരത്തില്‍ പങ്കെടുത്ത വയോധിക ‘ഷഹീന്‍ബാഗിലെ ദാദിയാണെന്നും 100 രൂപക്ക് അവരെ ആര്‍ക്കും കിട്ടും’ എന്നായിരുന്നു കങ്കണയുടെ അധിക്ഷേപ പരാമര്‍ശം.

‘ഹ ഹ ഹ, ഏറ്റവും കരുത്തുറ്റ ഇന്ത്യന്‍ സ്ത്രീയെന്ന് ടൈം മാഗസിന്‍ വിശേഷിപ്പിച്ച അതേ ദാദി തന്നെയാണ് ഇവര്‍. നൂറ് രൂപ കൊടുത്താല്‍ ഇവരെ കിട്ടും. ഇന്ത്യയെ മോശമാക്കി ചിത്രീകരിക്കാന്‍ പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകര്‍ അന്താരാഷ്ട്ര പി.ആര്‍ ഏജന്‍സിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. നമ്മുടെ ആളുകളെ തന്നെ അവര്‍ തെരഞ്ഞെടുത്തിരിക്കുകയാണ്,’ എന്നായിരുന്നു കങ്കണയുടെ എക്‌സ് പോസ്റ്റ്.

പഞ്ചാബിലെ ഭാട്ടിന്‍ഡയിലുള്ള മഹീന്ദര്‍ കൗറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. സംഭവം വിവാദമായതോടെ പഞ്ചാബ് പൊലീസ് കങ്കണക്കെതിരെ കേസെടുത്തു. മഹീന്ദര്‍ കൗറിന്റെ പരാതിയിലായിരുന്നു പൊലീസ് നടപടി.

പിന്നാലെ തനിക്കെതിരായ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ സുപ്രീം കോടതിയെയും പഞ്ചാബ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ ഇരു കോടതികളും ആവശ്യം തള്ളുകയായിരുന്നു.

നടിയുടേത് ‘മസാല ചേര്‍ത്ത’ പോസ്റ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി ഹരജി തള്ളിയത്. പൊലീസ് നടപടിയെ ചോദ്യം ചെയ്തുള്ള ഹരജി പിന്‍വലിക്കുന്നതാണ് നല്ലതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കങ്കണയുടെ അഭിഭാഷകന്‍ ഈ ഹരജി പിന്‍വലിക്കുകയും ചെയ്തിരുന്നു.

Content Highlight: Kangana apologizes for abusing an elderly woman who participated in the farmers’ protest