എ.ഐ.എസ്.എഫുകാര്‍ക്കെതിരായ എസ്.എഫ്.ഐ ആക്രമണം; ഒടുവില്‍ പ്രതികരിച്ച് കാനം
Kerala News
എ.ഐ.എസ്.എഫുകാര്‍ക്കെതിരായ എസ്.എഫ്.ഐ ആക്രമണം; ഒടുവില്‍ പ്രതികരിച്ച് കാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd October 2021, 3:19 pm

തിരുവനന്തപുരം: എം.ജി യൂണിവേഴ്‌സിറ്റിയില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രശ്‌നം ആ സംഘടന തന്നെ പരിഹരിക്കുമെന്ന് കാനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിഷയത്തില്‍ എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ആക്രമണത്തില്‍ നേതൃത്വം മൗനം പാലിക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പേജുകളിലും നേതൃത്വത്തിന്റെ മൗനത്തിനെതിരെ പരസ്യമായി രംഗത്തെത്തി.

സംസ്ഥാന വനിതാ നേതാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ബലാത്സംഗ ഭീഷണി മുഴക്കിയെന്ന് പരാതി കൊടുത്തിട്ടും എന്തുകൊണ്ടാണ് നേതാക്കള്‍ പ്രതികരിക്കാത്തത് എന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

സംഭവത്തില്‍ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

”ജനാധിപത്യപരമായി മത്സരിച്ച എ.ഐ.എസ്.എഫ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നേടിയ സ്വീകാര്യതയില്‍ വിറളി പൂണ്ട എസ്.എഫ്.ഐ പ്രവര്‍ത്തകരും പുറത്തു നിന്ന് മാരകായുധങ്ങളുമായെത്തിയ ഗുണ്ടകളും ചേര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മര്‍ദിച്ചത്. എസ്.എഫ്.ഐ ഇത്തരം ഫാസിസ്റ്റ് സമീപനങ്ങളില്‍ നിന്ന് പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിരോധം സംഘടിപ്പിക്കും’,എന്നാണ് സെക്രട്ടറിയേറ്റിന്റെ പ്രസ്താവന.

എം.ജി. യൂണിവേഴ്‌സിറ്റിയില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷം നടന്നത്. സംഭവത്തില്‍ എ.ഐ.എസ്.എഫ് സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.

സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനാണ് തങ്ങളെ ആക്രമിച്ചതെന്ന് കോട്ടയം എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഷാജോ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചതാണ്. സെനറ്റിലേക്കും എതിരില്ലാതെ ജയിക്കും എന്ന് പ്രതീക്ഷിച്ചപ്പോഴാണ് എ.ഐ.എസ്.എഫ് മത്സരരംഗത്തേക്ക് വന്നതെന്നും ഇതാണ് പ്രകോപനത്തിന് കാരണമായതെന്നും ഷാജോ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kanam Rajendran on AISF SFI Clash MG University