മുംബൈയില്‍ ആഡംബരക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാദൗത്യം തുടരുന്നു
national news
മുംബൈയില്‍ ആഡംബരക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാദൗത്യം തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd October 2021, 2:36 pm

 

മുംബൈ: മുംബൈ നഗരത്തിലെ ആഡംബര അപ്പാര്‍ട്ടമെന്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം. ലാല്‍ബാഗിലെ വണ്‍ അവിഗിന പാര്‍ക്ക് സൊസൈറ്റിയിലാണ് തീ പിടിച്ചത്. 60 നിലക്കെട്ടിടത്തിന്റെ 19ാം നിലയിലാണ് തീപിടിത്തം ഉണ്ടായത്.

തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടുന്നതിനായി താഴേക്കെടുത്തു ചാടിയ ആളാണ് മരിച്ചത്.

അരുണ്‍ തിവാരിയെന്ന 30 വയസ്സുകാരനാണ് കൊല്ലപ്പെട്ടതെന്ന് കെ.ഇ.എം ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ അരുണ്‍ മരിച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫയര്‍ഫോഴ്‌സ് രക്ഷാദൗത്യം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

മുംബൈ മേയര്‍ കിഷോരി പണ്ഡേക്കറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

‘തീപ്പിടിത്തമുണ്ടായപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിരവധി ആളുകളെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

ഒരാള്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് ഫയര്‍ഫോഴ്‌സിന്റെ വീഴ്ചയാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല, ദയവായി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്,’ മേയര്‍ പറഞ്ഞു.

അപ്പാര്‍ട്ട്‌മെന്റിലുണ്ടായ ഷോര്‍ട്ട് സെര്‍ക്യൂട്ട് കാരണമാണ് തീപിടിത്തം ഉണ്ടായതെന്നും, ഇത് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Fire On Luxury Residential Tower In Mumbai, 1 Dead