അന്നത്തെ വിദ്യ ബാലന്റെ മറുപടി ന്യായമാണെന്ന് എനിക്ക് തോന്നിയില്ല: കമല്‍
Entertainment
അന്നത്തെ വിദ്യ ബാലന്റെ മറുപടി ന്യായമാണെന്ന് എനിക്ക് തോന്നിയില്ല: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 6:56 pm

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആമി. കമല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ മാധവിക്കുട്ടിയായി എത്തിയത് മഞ്ജു വാര്യര്‍ ആയിരുന്നു.

മുരളി ഗോപി, ടോവിനോ തോമസ്, അനൂപ് മേനോന്‍, ആനന്ദ് ബാല്‍ എന്നിവരും ആമിയില്‍ അഭിനയിച്ചിരുന്നു. ചിത്രം രണ്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയെങ്കിലും തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയമായിരുന്നില്ല ആമിക്ക് ലഭിച്ചത്.

എന്നാല്‍ സിനിമയില്‍ മഞ്ജുവിന് മുമ്പ് വിദ്യ ബാലനെ കാസ്റ്റ് ചെയ്തിരുന്നു. ഷൂട്ടിങ്ങ് തുടങ്ങുന്നതിന്റെ നാല് ദിവസം മുമ്പാണ് നടി ചിത്രത്തില്‍ നിന്ന് പിന്മാറിയത്. ഇപ്പോള്‍ വിദ്യ ബാലന്റെ പിന്മാറ്റത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ കമല്‍.

സെല്ലുലോയ്ഡ് ചെയ്യുമ്പോള്‍ ഒരു ഹീറോ ഉണ്ടായിരുന്നു. മാധവിക്കുട്ടിയുടെ ജീവിതകഥയാകുമ്പോള്‍ ഹീറോയിന്‍ ഓറിയന്റഡായിട്ടുള്ള സബ്ജക്ടായി അത് മാറും. ഗദ്ദാമ, പെരുമഴക്കാലം തുടങ്ങിയ എന്റെ സിനിമകളില്‍ ഹീറോയ്ക്ക് പ്രാധാന്യമൊന്നുമുണ്ടായില്ല.

അത്തരം സിനിമകള്‍ ഇതിനുമുമ്പും ഞാന്‍ ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ഒരു ബയോപിക് സിനിമ ചെയ്യുമ്പോള്‍ അത് ഒരു താരത്തിനെ വെച്ചാണ് ആലോചിക്കേണ്ടത്. ആ ആലോചനയില്‍ നിന്നുമാണ് വിദ്യ ബാലനില്‍ എത്തിയത്.

ആദ്യം ഇക്കാര്യം പറയുമ്പോള്‍ അവര്‍ വളരെ താത്പര്യപൂര്‍വ്വം സംസാരിക്കുകയും പിന്നീടൊരിക്കല്‍ നേരില്‍ പോയി കണ്ട് കഥാപാത്രത്തെക്കുറിച്ചൊക്കെ പറയുകയും ചെയ്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

ഷൂട്ടിങ്ങ് തുടങ്ങുന്നതിന് നാലുദിവസം മുമ്പ് മാത്രമാണ് വിദ്യ ബാലന്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ വരില്ലെന്ന് അറിയിക്കുന്നത്. വിദ്യ ബാലന്‍ എന്തുകൊണ്ടാണ് ഈ സിനിമയില്‍ നിന്നും മാറിയതെന്ന് എനിക്ക് ഇന്നും വ്യക്തമല്ല.

ഒന്നുകില്‍ മതം മാറ്റവുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ ഇടപെടലുകളായിരിക്കാം. അല്ലെങ്കില്‍ അവരുടെ പേഴ്സണലായ ഒരു തീരുമാനമായിരിക്കാം. എന്താണെന്ന് എനിക്കറിയില്ല. അവര്‍ കാരണമായി പറഞ്ഞത് ഈ ക്യാരക്ടറാകാന്‍ പറ്റുന്നില്ല എന്നുമാത്രമാണ്.

ഈയൊരു അഭിപ്രായം തന്നെ ഷൂട്ട് തുടങ്ങുന്നതിന്റെ നാല് ദിവസം മുമ്പല്ലല്ലോ പറയേണ്ടത്. ആ മറുപടി ന്യായമാണെന്ന് എനിക്ക് തോന്നിയില്ല,’ കമല്‍ പറയുന്നു.

Content Highlight: Kamal Talks About Vidhya Balan And Aami Movie