വിക്രത്തിന്റെ വിജയം; ലോകേഷിന് ആഡംബര കാര്‍ സമ്മാനമായി നല്‍കി കമല്‍ ഹാസന്‍
Entertainment news
വിക്രത്തിന്റെ വിജയം; ലോകേഷിന് ആഡംബര കാര്‍ സമ്മാനമായി നല്‍കി കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th June 2022, 3:10 pm

കഴിഞ്ഞ ദിവസമാണ് ലോകേഷിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായ വിക്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്താണ് ചിത്രം മുന്നേറുന്നത്.

ചിത്രത്തിന്റെ വിജയത്തിലൂടെ കമല്‍ഹാസന്‍ വലിയ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ തനിക്ക് വലിയ വിജയം സമ്മാനിച്ച ലോകേഷിന് ആഡംബര കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് കമല്‍ ഹാസന്‍.

ലെക്‌സസ് എന്ന ആഡംബര കാറാണ് ലോകേഷിന് ഉലകനായകന്‍ സമ്മാനമായി നല്‍കിയത്. ലോകേഷിന് കാര്‍ കൈമാറുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ചിത്രത്തിന്റെ വിജയം തനിക്ക് ഏറെ സന്തോഷമുണ്ടാക്കിയെന്ന് കമല്‍ ഹാസന്‍ കഴിഞ്ഞ ദിവസം ലോകേഷിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു. വിക്രത്തിന്റെ തുടര്‍ ഭാഗങ്ങളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വിക്രത്തിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സിനും തുടക്കം കുറിച്ചിരിക്കുകയാണ് ലോകേഷ്.

സിനിമക്ക് വലിയ വിജയം സമ്മാനിച്ച പ്രേക്ഷകര്‍ക്കും കമല്‍ ഹാസന്‍ നന്ദി പറഞ്ഞിരുന്നു. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ നന്ദി പറഞ്ഞു കൊണ്ടുള്ള വീഡിയോ ട്വിറ്ററിലാണ് താരം പോസ്റ്റ് ചെയ്തത്.

കമല്‍ ഹാസനെ കൂടാതെ സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും വിക്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് വിക്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight : Kamal Hasan Gifted luxuary car to Lokesh Kanakaraj for the huge success of Vikram Movie