ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് കമല്‍ ഹാസന്‍. ഇന്നും സിനിമാ ലോകത്തേ തന്റെ അഭിനയശൈലികൊണ്ട് ഞെട്ടിക്കുന്ന നടനാണ് അദ്ദേഹം. തമിഴ് സിനിമയിലൂടെയാണ് അരങ്ങേറിയതെങ്കിലും കമല്‍ ഹാസന്‍ എന്ന നടനെ ആദ്യമായി നായകനായി അവതരിപ്പിച്ചത് മലയാളം ഇന്‍ഡസ്ട്രിയായിരുന്നു. അഭിനയത്തിന് പുറമെ സംവിധാനം, തിരക്കഥ, നിര്‍മാണം, ഗാനരചന, ഗായകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കൊറിയോഗ്രാഫര്‍ തുടങ്ങി സകലമേഖലയിലും അദ്ദേഹം തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് തഗ് ലൈഫ്. കമല്‍ ഹാസന് പുറമെ തൃഷ, ചിമ്പു, അശോക് സെല്‍വന്‍, ജോജു ജോര്‍ജ്, അഭിരാമി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. തഗ് ലൈഫിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയാണ് കമല്‍ ഹാസന്‍.
മലയാള സിനിമയോട് തനിക്ക് പണ്ട് ദേഷ്യമായിരുന്നുവെന്ന് കമല്‍ ഹാസന്‍ പറയുന്നു. തനിക്ക് ദേഷ്യം തോന്നിയിട്ട് താന്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നുവെന്നും അതിന് ഇപ്പോള്‍ മലയാള സിനിമ തന്നെ തനിക്ക് തിരിച്ചു മറുപടി തന്നുവെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് മലയാള സിനിമ ദേശീയ അന്തര്‍ ദേശീയ തലത്തിലേക്ക് വളര്‍ന്നുവെന്നും അത് തന്നെയാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ദേഷ്യപ്പെട്ട് അങ്ങനെ പറഞ്ഞതില്‍ മാപ്പ് ചോദിക്കുന്നില്ലെന്നും മലയാള സിനിമയോടുള്ള സ്‌നേഹം കൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
’20, 25 വര്‍ഷം മുമ്പ് എനിക്ക് മലയാള സിനിമയോട് ദേഷ്യം വന്നു. ഞാന്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. അതിന് ഇന്ന് എനിക്ക് മലയാളം സിനിമ തന്നെ ഉത്തരം പറഞ്ഞു. ഇപ്പോള്‍ മലയാള സിനിമ ദേശീയ തലത്തിലേക്കും ഇന്റര്‍നാഷ്ണല്‍ തലത്തിലേക്കും എത്തിയിരിക്കുകയാണ്. മലയാളം ചിത്രങ്ങള്‍ ഇവിടെ എത്തണം എന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടാണ് ഞാന്‍ ദേഷ്യം കൊണ്ട് ആ വാക്കുകള്‍ പറഞ്ഞുപോയത്. മാപ്പ് ചോദിക്കില്ല. കാരണം സ്‌നേഹം കൊണ്ടാണ് ഞാന്‍ പറഞ്ഞത്,’ കമല്‍ ഹാസന്‍ പറയുന്നു.
Content Highlight: Kamal haasan talks about Malayalam cinema