ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് കമൽ ഹാസൻ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ താരം തന്റെ കരിയറിൽ ചെയ്യാത്ത വേഷങ്ങളൊന്നും ബാക്കിയില്ല. 64 വർഷത്തെ കരിയറിൽ 230ലധികം ചിത്രങ്ങളിൽ അഭിനയിച്ച കമൽ ഹാസൻ സിനിമയിൽ കൈ വെക്കാത്ത മേഖലകളില്ല.
തന്റെ ഗുരുനാഥൻ ബാലു മഹേന്ദ്രയെ കുറിച്ച് സംസാരിക്കുകയാണ് കമൽ ഹാസൻ. പതിനാറ് വയസുള്ളപ്പോൾ ആദ്യമായി താൻ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ബാലു മഹേന്ദ്രയെ കാണുന്നതെന്ന് കമൽ ഹാസൻ പറഞ്ഞു.
അദ്ദേഹം സിനിമയെടുക്കുന്ന രീതി തന്റെ സ്വപ്നമായിരുന്നെന്നും ആ കാലഘട്ടത്തിൽ ബാലു മഹേന്ദ്ര സിനിമയെ കണ്ടപോലെ വേറെ ആരും കണ്ടിട്ടില്ലെന്നും കമൽ കൂട്ടിച്ചേർത്തു. ആദ്യ സിനിമ ചെയ്യുമ്പോൾ തന്നെ നാല്പത് സിനിമ ചെയ്ത കോൺഫിഡൻസ് ബാലുവിന് ഉണ്ടായിരുന്നെന്നും അദ്ദേഹമാണ് തന്നെ സംവിധായകനാക്കിയതെന്നും താരം പറയുന്നു.
‘ബാലു മഹേന്ദ്ര എനിക്ക് ഒരു ഗുരു ആണെന്ന് അദ്ദേഹത്തിന് അറിയില്ലായിരിക്കാം, എന്നോട് സുഹൃത്തിനോടെന്നപോലെയാണ് പെരുമാറിയിട്ടുള്ളത്. എനിക്ക് പതിനാറ് വയസുള്ളപ്പോഴാണ് ആദ്യമായി അദ്ദേഹത്തെ ഒരു സിനിമയുടെ സെറ്റിൽ ഞാൻ കാണുന്നത്. ബാലു മഹേന്ദ്ര ആ സെറ്റിൽ വന്നപ്പോൾ എന്നോട് അവിടെ ഉള്ളവർ പറഞ്ഞത് പൂർണ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വരുന്ന ആളാണ്, നമ്മുടെ ക്യാമറാമാന് സുഖമില്ല അതുകൊണ്ടാണ് അദ്ദേഹം വന്നത് എന്നായിരുന്നു.
അദ്ദേഹം അവിടെ വന്നിട്ട് ക്യാമറ ഉപയോഗിക്കുന്ന വിധമെല്ലാം കണ്ടപ്പോൾ അദ്ദേഹം സിനിമയെടുക്കുന്ന രീതി എന്റെ സ്വപ്നമായിരുന്നു.
അന്ന് ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുകയായിരുന്നു. ഇങ്ങനെയല്ല സിനിമയെടുക്കേണ്ടത് അങ്ങനെയാണെന്ന് എനിക്ക് മനസിലായി. അദ്ദേഹം സിനിമയെ കണ്ടപോലെ ആ കാലഘട്ടത്തിൽ മറ്റാരും സിനിമയെ കണ്ടിട്ടില്ലായിരുന്നു.
ആദ്യ സിനിമ എടുത്ത സമയത്ത് തന്നെ നാല്പത് സിനിമയെടുത്ത കോൺഫിഡൻസ് അദ്ദേഹത്തിനുണ്ടായിരുന്നു. പേടിയെ ഉണ്ടായിരുന്നില്ല. അവരെല്ലാവരും ചേർന്ന് പഠിപ്പിച്ച സിനിമയാണ് എന്നെ സംവിധായകനാക്കിയത്. അഭിനേതാവാക്കി എന്ന് പറയുന്നത് വലിയ സംഭവമല്ല. എന്നാൽ എന്നെ സംവിധായകാനാക്കിയത് ഇവരാണ്,’ കമൽ ഹാസൻ പറയുന്നു.