മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഭിരാമി. 1995ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ കഥാപുരുഷന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് അഭിരാമി അഭിനയരംഗത്തേക്ക് വരുന്നത്.
പത്രം, മില്ലേനിയം സ്റ്റാര്‍സ്, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ അഭിരാമിക്ക് വലിയ അംഗീകാരം ലഭിച്ചു. അര്‍ജുന്‍ നായകനായ വാനവില്‍ എന്ന സിനിമയിലൂടെ തമിഴിലും ചുവടുറപ്പിക്കാന്‍ നടിക്ക് സാധിച്ചു. കമല്‍ഹാസന്റെ വിരുമാണ്ടി എന്ന ചിത്രത്തിലെ മധുരക്കാരിയായ ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷം അഭിരാമിക്ക് വലിയ പ്രശംസ നേടിക്കൊടുത്തു.
ഇപ്പോള്‍ അഭിരാമിയെ കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഹാസന്‍. ഇരുവരും ഒരിടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ സംവിധാനത്തില്‍ എത്തുന്ന തഗ് ലൈഫ്. അത്ഭുതകരമായ നടിയാണ് അഭിരാമിയെന്ന് കമല്‍ ഹാസന്‍ പറയുന്നു. സിനിമ ഒരിക്കലും അഭിരാമിയെ ഉപേക്ഷിച്ചിരുന്നില്ലെന്നും അഭിരാമിയാണ് സിനിമയെ ഉപേക്ഷിച്ചതെന്നും കമല്‍ പറഞ്ഞു.
അഭിരാമിയുടെ അഭിനയം ഡബ്ബിങ് സമയത്ത് താന്‍ കാണാറുണ്ടെന്നനും അപ്പോള്‍ തന്റെ അഭിനയം മറന്നുപോലും താന്‍ അവരുടെ അഭിനയം നോക്കിനില്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.
‘അത്ഭുതകരമായ നടിയാണ് അഭിരാമി. അഭിരാമിയുടെ പേര് പറയുമ്പോള്‍ ഇവിടെ വെല്‍ക്കം ബാക്ക് എന്ന് പറഞ്ഞില്ലേ, എന്നാല്‍ ഞങ്ങള്‍ ഒരിക്കലും അവളെ ഉപേക്ഷിച്ചിരുന്നില്ല. അവളാണ് ഞങ്ങളെ ഉപേക്ഷിച്ചത്.
അവരുടെ അഭിനയം ഞാന്‍ ഡബ്ബ് ചെയ്യുന്ന സമയത്ത് കണ്ടിട്ട് എന്റെ ഡയലോഗ് വരെ മറന്നുപോയി. വിരുമാണ്ടി എന്ന സിനിമയുടെ സമയത്ത് തന്നെ അത് നടന്നിട്ടുണ്ട്. വീരുമാണ്ടി എല്ലാം ചെയ്യുന്ന സമയത്ത് ഞാന്‍ പല സീനും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്,’ കമല്‍ ഹാസന്‍ പറയുന്നു.