ഇന്ത്യന്‍ സിനിമയിലെ പകരം വെക്കാനില്ലാത്ത നടനാണ് കമല്‍ ഹാസന്‍. വേഷപ്പകര്‍ച്ചകളിലൂടെയും അഭിനയത്തിലൂടെയും സിനിമാപ്രേമികളെ കഴിഞ്ഞ 65 വര്‍ഷമായി കമല്‍ ഹാസന്‍ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെ സകല മേഖലകളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച കമല്‍ ഹാസനെത്തേടി ഒട്ടനവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ഭരതനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് കമല്‍ ഹാസന്‍. താരത്തിന്റെ കരിയറിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ തേവര്‍ മകന്‍ സംവിധാനം ചെയ്തത് ഭരതനായിരുന്നു. തമിഴ് സിനിമയുടെ നടികര്‍ തിലകം ശിവാജി ഗണേശനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.
ഭരതനുമായുള്ള ഷൂട്ടിങ് എപ്പോഴും രസകരമായിരുന്നെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. റീടേക്ക് വേണമെങ്കില്‍ അത് തങ്ങളോട് പറയാന്‍ ഭരതന് മടിയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഒരു സീന്‍ എടുത്ത ശേഷം എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ആംഗ്യഭാഷയില്‍ പോരാ എന്നും ഒന്നുകൂടെ പോകേണ്ടി വരുമെന്നും ഭരതന്‍ തന്നോട് പറഞ്ഞെന്നും താരം കൂട്ടിച്ചേര്‍ത്തു.
തമിഴില്‍ റീടേക്ക് വേണമെങ്കില്‍ കുറച്ച് പേടിയോടെയാണ് പല സംവിധായകരും ചോദിക്കാറെന്നും എന്നാല്‍ ഭരതന്റെ ബേഡി ലാംഗ്വേജ് കണ്ടപ്പോള്‍ അയാള്‍ ചീത്ത പറയുകയാണെന്ന് തെറ്റിദ്ധരിച്ചെന്നും കമല്‍ ഹാസന്‍ പറയുന്നു. ഇക്കാര്യം ഭരതനെ പറഞ്ഞ് മനസിലാക്കിയെന്നും അതെല്ലാം ഇന്ന് ഓര്‍ക്കുമ്പോള്‍ ചിരി വരുന്നെന്നും അദ്ദേഹം പറഞ്ഞു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.
‘ഭരതനുമായുള്ള ഷൂട്ട് നല്ല രസമുള്ള ഓര്‍മയാണ്. തമിഴില്‍ വര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സ് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ശിവാജി സാറും ഞാനുമുള്ള സീന്‍ റീടേക്ക് പോകേണ്ടി വന്നാല്‍ അത് നേരിട്ട് പറയാന്‍ ചെറിയൊരു മടി അയാള്‍ക്ക് ഉണ്ടായിരുന്നു. ഒരു തവണ അങ്ങനെ റീടേക്ക് പോകേണ്ടി വന്നു. പക്ഷേ, അത് ആംഗ്യഭാഷയിലാണ് കമ്മ്യൂണിക്കേറ്റ് ചെയ്തത്.
മുഖത്ത് ചെറിയൊരു നിരാശയോടെ അങ്ങനെ കാണിച്ചപ്പോള്‍ ഞാന്‍ ഞെട്ടി. തമിഴില്‍ റീടേക്ക് പോകേണ്ടി വന്നാല്‍ അങ്ങനെ നിരാശ മുഖത്ത് വരില്ല. ഇയാള്‍ തെറി വിളിക്കുകയാണോ എന്ന് സംശയിച്ചു. ഇത് ഭരതനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് പറഞ്ഞു. ഇന്ന് അത് ആലോചിക്കുമ്പോള്‍ ചിരി വരും,’ കമല്‍ ഹാസന്‍ പറയുന്നു.
Content Highlight: Kamal Haasan shares the shooting experience with Bharathan in Thevar Magan movie