എന്നെക്കാള്‍ നന്നായി ആ നായക്കുട്ടി അഭിനയിക്കുന്നെന്ന് ആ സംവിധായകന്‍ എന്നോട് പറഞ്ഞു, അതോടെ എനിക്ക് അസൂയയായി: കമല്‍ ഹാസന്‍
Entertainment
എന്നെക്കാള്‍ നന്നായി ആ നായക്കുട്ടി അഭിനയിക്കുന്നെന്ന് ആ സംവിധായകന്‍ എന്നോട് പറഞ്ഞു, അതോടെ എനിക്ക് അസൂയയായി: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th May 2025, 10:02 pm

ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന കമല്‍ 64 വര്‍ഷത്തെ സിനിമാജീവിതത്തില്‍ കൈവെക്കാത്ത മേഖലകളില്ല. അഭിനയത്തിന് പുറമെ സംവിധാനം, തിരക്കഥ, നിര്‍മാണം, ഗാനരചന, ഗായകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കൊറിയോഗ്രാഫര്‍ തുടങ്ങി സകലമേഖലയിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

സിനിമയെ സീരിയസായി കണ്ടവരാണ് താനും മണിരത്‌നവുമെന്ന് പറയുകയാണ് കമല്‍ ഹാസന്‍. മണിരത്‌നം ജനിക്കുമ്പോള്‍ തന്നെ നരച്ച മുടിയോടെ വന്നയാളല്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ജീവിതത്തിന്റെ സിംഹഭാഗവും സിനിമക്ക് വേണ്ടി മാത്രം മാറ്റിവെച്ചയാളാണ് മണിരത്‌നമെന്നും തങ്ങള്‍ രണ്ടുപേരും സിനിമയെ സമീപിച്ചത് ഒരേ മനസോടെയാണെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങളെപ്പോലെ സിനിമയോട് അടങ്ങാത്ത പാഷനുള്ള ആളായിരുന്നു ബാലു മഹേന്ദ്രയെന്നും കമല്‍ ഹാസന്‍ പറയുന്നു. ഒരു നായക്കുട്ടിയെ വെച്ച് പോലും അതിമനോഹരമായി സീന്‍ എടുക്കാന്‍ ബാലു മഹേന്ദ്രക്ക് കഴിവുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു. മൂന്‍ട്രാം പിറൈ എന്ന സിനിമയിലെ സുബ്രമണി എന്ന നായക്കുട്ടിയെ വെച്ച് ചെയ്ത സീനുകള്‍ അതിന് ഉദാഹരണമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ആക്ഷന്‍ പറയുമ്പോള്‍ ആ നായക്കുട്ടി പെര്‍ഫോം ചെയ്യുമെന്നും ബാലു മഹേന്ദ്രയെക്കൊണ്ട് മാത്രം സാധിക്കുന്ന മാജിക്കാണ് അതെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തന്നെക്കാള്‍ നന്നായി ആ നായക്കുട്ടി അഭിനയിക്കുന്നുണ്ടെന്ന് ബാലു മഹേന്ദ്ര തന്നോട് പറഞ്ഞെന്നും ഷൂട്ടിന് ശേഷം അദ്ദേഹം ആ നായക്കുട്ടിയെ കൊണ്ടുപോയെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നും ആ നായക്കുട്ടിയോട് തനിക്ക് അസൂയയുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മണിരത്‌നവും ഞാനും സിനിമയെ സീരിയസായി കണ്ടവരാണ്. ജനിച്ചപ്പോള്‍ തന്നെ നരച്ച മുടിയോടെ ജനിച്ചയാളല്ല മണിരത്‌നം (ചിരിക്കുന്നു). ജീവിതത്തിന്റെ വലിയൊരു ഭാഗം സിനിമക്ക് വേണ്ടി മാറ്റിവെച്ചയാളാണ് മണിരത്‌നം. ഞങ്ങള്‍ രണ്ടുപേരും സിനിമയെ സമീപിച്ചത് ഒരേ തരത്തിലുള്ള മനസോടയൊണ്. ഞങ്ങളെപ്പോലെ എടുത്തു പറയേണ്ട മറ്റൊരാളുണ്ട്. വേറാരുമല്ല, സംവിധായകന്‍ ബാലു മഹേന്ദ്ര.

ഓരോ സിനിമയെയും അയാള്‍ സമീപിക്കുന്ന രീതി കണ്ടിട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരു നായക്കുട്ടിയെ വെച്ച് പോലും അതിമനഹരമായി സീനെടുക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. മൂന്‍ട്രാം പിറൈയിലെ സുബ്രമണിയെ നിങ്ങള്‍ മറന്നിട്ടില്ലെന്ന് കരുതുന്നു. ആ നായക്കുട്ടിയോട് ബാലു ആക്ഷന്‍ പറയുമ്പോള്‍ അത് പെര്‍ഫോം ചെയ്യും. ‘നിന്നെക്കാള്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്’ എന്നുവരെ ബാലു പറഞ്ഞിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞപ്പോള്‍ ആ നായക്കുട്ടിയെ ബാലു മഹേന്ദ്ര കൊണ്ടുപോയി. എനിക്ക് അതിനോട് ഇപ്പോഴും അസൂയയുണ്ട്,’ കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlight: Kamal Haasan shares the shooting experience with Balu Mahendra