അയാളുടെ മാര്‍ക്കറ്റ് ഇടിഞ്ഞു, അതാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് അവര്‍ പറഞ്ഞു: കമല്‍ ഹാസന്‍
Film News
അയാളുടെ മാര്‍ക്കറ്റ് ഇടിഞ്ഞു, അതാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് അവര്‍ പറഞ്ഞു: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th July 2022, 8:47 pm

അടുത്തിടെ ഇന്ത്യന്‍ സിനിമ കണ്ട് ഏറ്റവും വലിയ വിജയ ചിത്രമാണ് കമല്‍ ഹാസന്‍ നായകനായ വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചത്. ഫഹദ് ഫാസില്‍ വിജയ് സേതുപതി, സൂര്യ, ചെമ്പന്‍ വിനോദ് എന്നിങ്ങനെ വലിയ താരനിര എത്തിയ ചിത്രം നാല് വര്‍ഷത്തിന് ശേഷമുള്ള നാല് വര്‍ഷത്തിന് ശേഷമുള്ള കമല്‍ ഹാസന്‍ ശക്തമായ തിരിച്ചുവരവിനാണ് കളമൊരുക്കിയത്.

ചിത്രം 50ാം ദിവസത്തിലേക്ക് കടക്കുകയാണ്. 50ാം ദിവസത്തിന്റെ ആഘോഷത്തോട് ബന്ധപ്പെട്ട ഘലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണ്. തന്റെ രാഷ്ട്രിയ പ്രവേശനത്തെ പറ്റിയാണ് കമല്‍ വീഡിയോയില്‍ പറയുന്നത്.

‘അയാളുടെ മാര്‍ക്കറ്റ് ഇടിഞ്ഞു, അതാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് അവര്‍ പറഞ്ഞു. അവരാണ് അങ്ങനെ വന്നത്. നിങ്ങളെല്ലാം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയില്ലെങ്കില്‍, രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം നിങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങും.

നേതാവ് ഇല്ലെങ്കില്‍ നിങ്ങള്‍ നേതാവാകണം, അത്രേയുള്ളൂ. അതുകൊണ്ടാണ് ഞാന്‍ നേതാവായത്. നമുക്കെന്തിനാണ് ഇതൊക്കെ എന്ന് വിചാരിച്ച് ഒതുങ്ങരുത്. ഇതൊരു രാഷ്ട്രീയ പ്രഖ്യാപനമൊന്നുമല്ല. ഇത് എഡിറ്റ് ചെയ്ത കളഞ്ഞാലും കുഴപ്പമില്ല. ഇവിടെ ഇരിക്കുന്ന 100 പേര് കേട്ടാല്‍ മതി,’ കമല്‍ പറഞ്ഞു.

ഉടന്‍ പുറത്ത് വരാനിരിക്കുന്ന അഭിമുഖത്തിന്റെ പ്രൊമോ വീഡിയോയിലാണ് കമല്‍ പറഞ്ഞ ചില സുപ്രധാന വിവരങ്ങളുള്ളത്.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം നിര്‍മിച്ചത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സിനിമ ഇതുവരെ ലോകമെമ്പാടും നിന്ന് 400 കോടിയിലേറെയാണ് സ്വന്തമാക്കിയത്. തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും സ്ട്രീമിങ് തുടങ്ങിയിട്ടുണ്ട്.

Content Highlight: Kamal Haasan says some people said His market fell,that’s what he got into politics