മാലിക് കണ്ട് ഫഹദിനെയും മഹേഷ് നാരായണനെയും പ്രശംസിച്ച് കമലഹാസന്‍
Entertainment news
മാലിക് കണ്ട് ഫഹദിനെയും മഹേഷ് നാരായണനെയും പ്രശംസിച്ച് കമലഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th July 2021, 5:53 pm

മാലിക് കണ്ട് സംവിധായകന്‍ മഹേഷ് നാരായണനെയും നടന്‍ ഫഹദ് ഫാസിലിനെയും അഭിനന്ദിച്ച് കമലഹാസനും സംവിധായകന്‍ ലോകേഷ് കനകരാജും. കഴിഞ്ഞ ദിവസം ചെന്നൈയില്‍ കമലഹാസന്റെ ഓഫീസില്‍ വെച്ചാണ് അദ്ദേഹം മഹേഷിനെയും ഫഹദിനെയും അഭിനന്ദിച്ചതെന്ന് മാലികിന്റെ പ്രൊഡ്യൂസര്‍ കൂടിയായ ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

വിക്രം എന്ന തമിഴ് ചിത്രത്തിന്റെ ഒഴിവുവേളയിലാണ് കമലഹാസനും സംവിധായന്‍ ലോകേഷ് കനകരാജും മാലിക് കണ്ടതെന്നും ആന്റോ ജോസഫ് പറയുന്നു. ഫഹദ് ഫാസിലിന്റെ അഭിനയവും മഹേഷിന്റെ സംവിധാനശൈലിയും ഗംഭീരമാണെന്നാണ് കമലഹാസന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം കമലഹാസനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫഹദ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. വിക്രം എന്ന ചിത്രത്തില്‍ കമലഹാസനൊപ്പം ഫഹദും അഭിനയിക്കുന്നുണ്ട്.

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ നിരൂപക ശ്രദ്ധ നേടിയിരുന്നു. ചിത്രം റിലീസായതോടെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചര്‍ച്ചകളും നടന്നിരുന്നു.

ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ജലജ, ദിവ്യ പ്രഭ, മീനാക്ഷി, ഇന്ദ്രന്‍സ് എന്നിവരാണ് മാലികില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജൂലൈ 15നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.

ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മഹേഷ് നാരായണനെയും ഫഹദ് ഫാസിലിനേയും അഭിനന്ദിച്ച് ഉലകനായകന്‍ കമലഹാസനും സംവിധായകന്‍ ലോകേഷ് കനകരാജും. മഹേഷ് നാരായണന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാലിക്ക് സിനിമ കണ്ടതിനു ശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം.

മാലിക്കിന്റെ മേക്കിങ്ങിനെയും സംവിധാന ശൈലിയെയും പ്രശംസിച്ച കമലഹാസന്‍, ഫഹദ് ഫാസിലിന്റെ അഭിനയം ഗംഭീരമാണെന്നും വിലയിരുത്തി. ചിത്രം തീയറ്ററുകളില്‍ എത്തിയിരുന്നെങ്കില്‍ വേറെ ലെവലായേനെ എന്നായിരുന്നു സംവിധായകന്‍ ലോകേഷ് കനകരാജിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ കമലഹാസന്റെ ഓഫിസില്‍ വച്ചാണ് ഉലകനായകനും ലോകേഷ് കനകരാജും ഫഹദിനെയും മഹേഷ് നാരായണന്റെയും അഭിനന്ദിച്ചത്. ഷൂട്ടിങ്ങു പുരോഗമിക്കുന്ന വിക്രം സിനിമയുടെ ഒഴിവുവേളയായിലാണ് ഇവര്‍ ഇരുവരും മാലിക്ക് കാണാനിടയായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kamal Haasan says about malik and Fahadh