തമിഴ് സിനിമയുടെ അഭിമാന താരങ്ങളാണ് രജിനികാന്തും കമല്‍ ഹാസനും. ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തിയ കമല്‍ ഹാസന്‍ നായകനായി തിളങ്ങി നിന്ന സമയത്താണ് രജിനികാന്ത് സിനിമയിലേക്കെത്തിയത്. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തില്‍ കമലിന്റെ വില്ലനായാണ് രജിനി പ്രത്യക്ഷപ്പെട്ടത്.
തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഇരുവരും നായകനും വില്ലനുമായി വേഷമിട്ടു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ രണ്ട് വലിയ നായകന്മാരാണ് ഇരുവരും. രജിനികാന്ത് ചെയ്ത സിനിമകളില്‍ തനിക്ക് പ്രിയപ്പെട്ട സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഹാസന്‍. മഹേന്ദ്രന്‍ സംവിധാനം ചെയ്ത മുള്ളും മലരും എന്ന ചിത്രം തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.
എന്നാല്‍ അതിന് ശേഷം അത്തരത്തിലൊരു സിനിമ ചെയ്യാന്‍ രജിനികാന്ത് ശ്രമിച്ചിട്ടില്ലെന്നും ബാഷ പോലുള്ള ആക്ഷന്‍ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുള്ളും മലരും പോലുള്ള സിനിമകള്‍ ഇനി ചെയ്യുന്നില്ലെന്ന് പറഞ്ഞാണ് രജിനി ആക്ഷന്‍ ചിത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചതെന്നും കമല്‍ ഹാസന്‍ പറയുന്നു.
അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തില്‍ താനാണ് വില്ലനെന്നും രജിനിയാണ് യഥാര്‍ത്ഥ നായകനെന്നും അദ്ദേഹം പറഞ്ഞു. ബാലചന്ദര്‍ എന്ന സംവിധായകനാണ് തങ്ങള്‍ക്ക് ചേരുന്ന വേഷങ്ങള്‍ സമ്മാനിച്ചതെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ രണ്ട് പേരും അവരവര്‍ക്ക് ചേരുന്ന സിനിമകള്‍ ചെയ്ത് തുടങ്ങിയതിന് ശേഷമാണ് ഇപ്പോള്‍ കാണുന്ന നിലയിലേക്ക് മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ടാ എക്‌സ്‌ക്ലൂസീവിനോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.
‘രജിനി ചെയ്ത പടങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടം മുള്ളും മലരുമാണ്. ബാഷയും ഇഷ്ടമാണെങ്കിലും മുള്ളും മലരിനോട് എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്. എന്നാല്‍ ആ പടം ചെയ്തുകഴിഞ്ഞ ശേഷം ‘എനിക്കിനി ഇങ്ങനത്തെ സിനിമകള്‍ ചെയ്യാന്‍ വയ്യ’ എന്ന് പറഞ്ഞിട്ടാണ് രജിനി ബാഷ പോലുള്ള സിനിമകള്‍ ചെയ്ത് തുടങ്ങിയത്. അതിന് ശേഷമാണ് ഇപ്പോള്‍ കാണുന്ന രജിനിയിലേക്ക് അയാള്‍ മാറിയത്.
എനിക്കിപ്പോഴും അപൂര്‍വ രാഗങ്ങളില്‍ ഗേറ്റ് തള്ളിത്തുറന്ന് വരുന്ന രജിനിയെ നല്ല ഓര്‍മയുണ്ട്. ആ പടത്തില്‍ ശരിക്കും രജിനിയാണ് നായകന്‍. ഞാനാണ് ആ പടത്തിലെ വില്ലന്‍. ബാലചന്ദര്‍ സാര്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും എന്താണോ ചേരുന്നത് അത്തരത്തിലുള്ള റോളുകളാണ് തന്നിരുന്നത്. ഒരുമിച്ച് ഇനി സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതും ഞങ്ങള്‍ ഒരുമിച്ച് തന്നെയാണ്,’ കമല്‍ ഹാസന്‍ പറയുന്നു.
Content Highlight: Kamal Haasan saying Mullum Malarum is his favorite Rajnikanth film