അന്നത്തെ ആളുകള്‍ പരാജയപ്പെടുത്തിയ സിനിമകള്‍ ഇന്നുള്ള തലമുറയിലെ ആളുകള്‍ ഹൃദയത്തിലേറ്റുന്നു, ഇതിന് എന്ത് വിലയാണ് ഞാന്‍ കൊടുക്കുക: കമല്‍ ഹാസന്‍
Entertainment
അന്നത്തെ ആളുകള്‍ പരാജയപ്പെടുത്തിയ സിനിമകള്‍ ഇന്നുള്ള തലമുറയിലെ ആളുകള്‍ ഹൃദയത്തിലേറ്റുന്നു, ഇതിന് എന്ത് വിലയാണ് ഞാന്‍ കൊടുക്കുക: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st June 2025, 3:16 pm

ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയ എന്നറിയപ്പെടുന്ന നടനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയിലേക്കെത്തിയ കമല്‍ ഹാസന്‍ ആദ്യചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കി. സിനിമയുടെ സകല മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ കമല്‍ ഹാസന്‍ സ്വന്തമാക്കാത്ത അവാര്‍ഡുകളില്ല. നടനായും താരമായും ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ചുരുക്കം അഭിനേതാക്കളിലൊരാളാണ് കമല്‍ ഹാസന്‍.

കാലത്തിന് മുന്നേ സഞ്ചരിക്കുന്നവയാണ് കമല്‍ ഹാസന്റെ പല സിനിമകളുമെന്ന് സിനിമാലോകം അഭിപ്രായപ്പെടാറുണ്ട്. താരത്തിന്റെ പല സിനിമകളും റിലീസ് സമയത്ത് വേണ്ടത്ര ശ്രദ്ധ നേടാതിരിക്കുകയും പിന്നീട് പലരും ഏറ്റെടുക്കുകയും ചെയ്യുന്ന കാഴ്ചകള്‍ പലപ്പോഴായി കാണാന്‍ സാധിക്കാറുണ്ട്. അത്തരത്തിലുള്ള രണ്ട് സിനിമകളാണ് അന്‍പേ ശിവവും ഹേ റാമും.

കമല്‍ ഹാസന്റെ തിരക്കഥയിലൊരുങ്ങിയ രണ്ട് സിനിമകളും റിലീസ് സമയത്ത് പ്രേക്ഷകര്‍ കൈയൊഴിഞ്ഞിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ട് ചിത്രങ്ങളെയും പലരും ക്ലാസിക്കായി വാഴ്ത്തുകയാണ്. ഇതില്‍ താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്ന് പറയുകയാണ് കമല്‍ ഹാസന്‍. അന്ന് ആ സിനിമകള്‍ പ്രതീക്ഷിച്ച വിജയമായില്ലെന്നും അത് പ്രേക്ഷകരുടെ കുഴപ്പമായി താന്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ തലമുറ ആ സിനിമകള്‍ ഒരുപാട് വാഴ്ത്തുന്നുണ്ടെന്നും അവര്‍ക്ക് അത് ഇഷ്ടമായെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. അതിന് താന്‍ അത്ര വില കൊടുത്താലും മതിയാകില്ലെന്നും ഒരു നടനെന്ന നിലയില്‍ അതാണ് തന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. തഗ് ലൈഫിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സ് ചാനലിനോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.

‘അന്‍പേ ശിവവും ഹേ റാമും അന്ന് വിജയിക്കാത്തതില്‍ എനിക്ക് ആരോടും പരിഭവമില്ല. നല്ല സിനിമയാണ് എന്ന ചിന്തയില്‍ തന്നെയാണ് അത് രണ്ടും ചെയ്തത്. എന്നാല്‍ അത് അന്ന് സ്വീകരിക്കാത്തതില്‍ പ്രേക്ഷകരെ ഞാന്‍ കുറ്റം പറയില്ല. മോശം സിനിമയാണെങ്കില്‍ ഇന്നത്തെ തലമുറ ആ സിനിമകളെ ഏറ്റെടുക്കില്ലല്ലോ. കാലങ്ങള്‍ക്കിപ്പുറം മറ്റൊരു തലമുറ ആ സിനിമകളെ ഹൃദയത്തില്‍ ചേര്‍ത്ത് വെക്കുമ്പോള്‍ അതിന് ഞാന്‍ എന്ത് വിലയാണ് കൊടുക്കുക. വിലയിടാനാകാത്തത് ആ സിനിമകള്‍,’ കമല്‍ ഹാസന്‍ പറഞ്ഞു.

36 വര്‍ഷത്തിന് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. തമിഴിലെ മികച്ച നടന്മാരിലൊരാളായ സിലമ്പരസനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. തൃഷയും അഭിരാമിയുമാണ് നായികമാര്‍. കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്ന ചിത്രം ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

 

Content Highlight:  Kamal Haasan saying he is not complaining audience for the failure of Anbe Sivam and Hey Ram