ആ മലയാള നടന്റെ ഫാനാണ് ഞാന്‍, പേര് കേട്ടാല്‍ വിസിലടിക്കാന്‍ തോന്നും: കമല്‍ ഹാസന്‍
Entertainment
ആ മലയാള നടന്റെ ഫാനാണ് ഞാന്‍, പേര് കേട്ടാല്‍ വിസിലടിക്കാന്‍ തോന്നും: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th May 2025, 11:44 am

ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന കമല്‍ 64 വര്‍ഷത്തെ സിനിമാജീവിതത്തില്‍ കൈവെക്കാത്ത മേഖലകളില്ല. അഭിനയത്തിന് പുറമെ സംവിധാനം, തിരക്കഥ, നിര്‍മാണം, ഗാനരചന, ഗായകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കൊറിയോഗ്രാഫര്‍ തുടങ്ങി സകലമേഖലയിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

യഥാര്‍ത്ഥ ആരാധകന്‍ ആരാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് കമല്‍ ഹാസന്‍. ഇഷ്ടമുള്ള നടന്‍ ഇപ്പോള്‍ ഇല്ലെങ്കിലും അവരോടുള്ള ആരാധന മായാതെ സൂക്ഷിക്കുന്നയാളാണ് യഥാര്‍ത്ഥ ഫാന്‍ എന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ശിവാജി ഗണേശന്‍, ബാലചന്ദര്‍, നാഗേഷ് എന്നിവരുടെ വലിയ ആരാധകനാണ് താനെന്നും അവരാരും ഇന്ന് ഇല്ലെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

സദസ്സിലിരിക്കുമ്പോള്‍ ഈ പേരുകള്‍ കേട്ടാല്‍ തനിക്ക് രോമാഞ്ചമുണ്ടാകുമെന്നും അവരുടെയെല്ലാം കടുത്ത ആരാധകനാണ് താനെന്നും കമല്‍ ഹാസന്‍ പറയുന്നു. മലയാളസിനിമയുടെ കാര്യം നോക്കുകയാണെങ്കില്‍ സത്യന്‍ മാസ്റ്ററോടാണ് തനിക്ക് ആരാധനയെന്നും ഇന്നും അദ്ദേഹത്തോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ലെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

ഇവരുടെയെല്ലാം പേര് കേട്ടാല്‍ വിസിലടിക്കുമെന്നും മറ്റുള്ളവരെപ്പോലെ തന്നെ എല്ലാ സവിശേഷതകളുമുള്ള ഫാന്‍ തന്നെയാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ആരുടെ ഫാനാണെങ്കിലും ആ ഇഷ്ടം എന്നും കൊണ്ടുനടക്കുന്നയാളാണ് താനെന്നും കമല്‍ ഹാസന്‍ പറയുന്നു. പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.

‘യഥാര്‍ത്ഥ ഫാന്‍ ആരാണെന്ന് ചോദിച്ചാല്‍ അവര്‍ ആരാധിക്കുന്നയാള്‍ ഇല്ലെങ്കിലും അവരോടുള്ള ഇഷ്ടം കുറയാതെ ഇരിക്കുന്നവരാണ് എന്നെ സംബന്ധിച്ച് യഥാര്‍ത്ഥ ഫാന്‍. അങ്ങനെ നോക്കിയാല്‍ ഞാന്‍ തന്നെ ഒരു യഥാര്‍ത്ഥ ഫാന്‍. ശിവാജി ഗണേശന്‍, ബാലചന്ദര്‍, നാഗേഷ് ഇവരുടെയൊക്കെ വലിയ ഫാനാണ് ഞാന്‍. അവര്‍ ഇന്ന് ഈ ലോകത്ത് ഇല്ല.

എന്നിരുന്നാലും അവരോടുള്ള ഇഷ്ടത്തോട് എനിക്ക് കുറവൊന്നും വന്നിട്ടില്ല. തമിഴില്‍ മാത്രമല്ല, മലയാളത്തിലും എനിക്ക് ഇഷ്ടമുള്ളവര്‍ ഉണ്ട്. സത്യന്‍ മാസ്റ്ററുടെ കടുത്ത ഫാനാണ് ഞാന്‍. സദസ്സിലാണ് ഇരിക്കുന്നതെങ്കില്‍ ഈ പേരൊക്കെ കേട്ടാല്‍ ഉറപ്പായും ഞാന്‍ വിസിലടിച്ചേനെ. അത്രക്ക് വലിയ ഫാനാണെന്ന് എന്നെപ്പറ്റി പറയാം,’ കമല്‍ ഹാസന്‍ പറയുന്നു.

Content Highlight: Kamal Haasan saying he is a big fan of Malayalam actor Sathyan