താരത്തെയല്ല, കഥയെ മുന്നില്‍ വെക്കണം; ലിയോ നിര്‍മാതാവിന്റെ പരാമര്‍ശത്തിന് പിന്നാലെ വൈറലായി കമല്‍ ഹാസന്റെ വീഡിയോ
Film News
താരത്തെയല്ല, കഥയെ മുന്നില്‍ വെക്കണം; ലിയോ നിര്‍മാതാവിന്റെ പരാമര്‍ശത്തിന് പിന്നാലെ വൈറലായി കമല്‍ ഹാസന്റെ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd October 2023, 4:12 pm

കഴിഞ്ഞ ദിവസമാണ് ലിയോ നിര്‍മാതാവ് ലളിത് കുമാറിന്റെ അഭിമുഖം പുറത്ത് വന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞിട്ട് ലിയോയുടെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്ന നിര്‍മാതാവിന്റെ പരാമര്‍ശം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇതിന് പിന്നാലെ കമല്‍ ഹാസന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഗലാട്ട പ്ലസിലെ തന്നെ പരിപാടിയില്‍ വെച്ച് താരത്തിന് പകരം കഥക്ക് പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ് അദ്ദേഹം സംസാരിച്ചത്.

‘ലോകേഷ് എന്നോട് ഒരു കഥ പറഞ്ഞിരുന്നു. അത് നല്ല കഥയായിരുന്നു. ലോകേഷിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വിക്രം എന്ന കാഥാപാത്രത്തിനായി ഉണ്ടായിരുന്ന ഒരു ഐഡിയ അവനോട് പറഞ്ഞു. പണ്ട് ഞാന്‍ ഈ കഥ പറഞ്ഞപ്പോഴൊക്കെ നല്ല കഥയല്ലെന്നും ആര്‍ട് ഫിലിം പോലെയുണ്ടെന്നും പലരും പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ലോകേഷിനോട് ഈ കഥയെ പറ്റി പറഞ്ഞപ്പോള്‍ ‘ഞാന്‍ പറഞ്ഞ കഥ വിട്ടേക്ക്, ഈ കഥ ഞാന്‍ ഡെവലപ്പ് ചെയ്യട്ടെ’ എന്ന് ചോദിച്ചു. അത് എനിക്ക് അവനിലുള്ള വിശ്വാസമായിരുന്നു. അവന്‍ ഒരു ചോയ്‌സെടുക്കുകയാണ്. തന്നെ പിന്നില്‍ വെച്ച് കഥയെ മുന്നോട്ട് വെക്കുകയാണ്. എന്നെ മുന്നോട്ട് വെക്കണമെന്നല്ല പറയുന്നത്. താരങ്ങളെ കേന്ദ്രീകരിച്ച് എടുത്ത എത്രയോ പടങ്ങള്‍ പരാജയപ്പെട്ടു. ലോകേഷില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. അവന്‍ അതുപോലെ തന്നെ മുന്നോട്ട് പോകുമെന്നാണ് എന്റെ വിശ്വാസം,’ കമല്‍ ഹാസന്‍ പറഞ്ഞു.

ലോകേഷ് ആദ്യം പറഞ്ഞ കഥയില്‍ പിന്നീട് മാറ്റം വരുത്തിയെന്നാണ് ലളിത് കുമാര്‍ പറഞ്ഞത്. ‘കഥ സെലക്ട് ചെയ്തതിന് ശേഷം ലോകേഷ് എന്നോട് വന്ന് കഥ പറഞ്ഞു. നല്ല കഥയാണല്ലോ എന്ന് ഞാന്‍ പറഞ്ഞു. അന്ന് രാത്രി വിജയ് സാര്‍ വിളിച്ച് കഥ കേട്ടോ, എങ്ങനെയുണ്ടെന്ന് ചോദിച്ചു. ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാവുമെന്നും പറഞ്ഞു.

ഞാന്‍ ഉടനെ ലോകേഷിനെ വിളിച്ചു, ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാവും, എന്താണ് അഭിപ്രായം എന്ന് ചോദിച്ചു. ചില ഭാഗങ്ങള്‍ ആള്‍ട്ടര്‍ ചെയ്യാമെന്ന് ലോകേഷ് പറഞ്ഞു. അങ്ങനെ മാറ്റം വരുത്തിയ കഥ സാറിനോട് പറഞ്ഞു. അതിന് ശേഷമാണ് ഷൂട്ട് തുടങ്ങിയത്,’ ലളിത് കുമാര്‍ പറഞ്ഞു.

ഫസ്റ്റ് ഹാഫ് നന്നായപ്പോഴും സെക്കന്റ് ഹാഫ് ടിപ്പിക്കല്‍ വിജയ് ചിത്രങ്ങളുടേത് പോലെയായെന്നാണ് ലിയോക്കെതിരെ വന്ന പ്രധാന വിമര്‍ശനം. വിജയ് ആരാധകര്‍ക്കായി കഥയില്‍ ലോകേഷ് വിട്ടുവീഴ്ച ചെയ്തോ എന്ന് പോലും വിമര്‍ശകര്‍ ചോദിച്ചിരുന്നു. ഇതിനിടയിലാണ് കമലിന്റെ വീഡിയോ വൈറലാവുന്നത്.

Content Highlight: Kamal Haasan’s old video goes viral after Leo producer’s remark