ഇന്ന് ഇന്ത്യയിലുള്ളതില്‍ മികച്ച നടന്മാരില്‍ ഒരാള്‍, അയാളോടൊപ്പം അഭിനയിക്കാന്‍ അവസരം തന്ന മണിരത്‌നത്തിന് നന്ദി: കമല്‍ ഹാസന്‍
Entertainment
ഇന്ന് ഇന്ത്യയിലുള്ളതില്‍ മികച്ച നടന്മാരില്‍ ഒരാള്‍, അയാളോടൊപ്പം അഭിനയിക്കാന്‍ അവസരം തന്ന മണിരത്‌നത്തിന് നന്ദി: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st May 2025, 5:30 pm

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 36 വര്‍ഷത്തിന് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ അനൗണ്‍സ്മെന്റ് മുതല്‍ തഗ് ലൈഫിന്റെ ഓരോ അപ്ഡേറ്റും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്.

ബോളിവുഡ് താരം അലി ഫസലും തഗ് ലൈഫിന്റെ ഭാഗമാണ്. മിര്‍സാപൂര്‍ എന്ന ഒരൊറ്റ സീരീസ് കൊണ്ട് ആരാധകരെ സ്വന്തമാക്കിയ നടനാണ് അലി ഫസല്‍. ഗുഡ്ഡു എന്ന കഥാപാത്രം വളരെ മികച്ച രീതിയില്‍ അലി കൈകാര്യം ചെയ്തിരുന്നു. താരത്തിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് തഗ് ലൈഫ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ കമല്‍ ഹാസന്‍ അലിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ചിത്രത്തിലെ എല്ലാ താരങ്ങളെക്കുറിച്ചും സംസാരിച്ച ശേഷം അലിയുടെ പേര് കമല്‍ ഹാസന്‍ ഓര്‍ത്തെടുത്ത് പറയുകയായിരുന്നു. മറന്നതിന് ക്ഷമിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് താരം അലി ഫസലിനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത്. വിശാല്‍ ഭരദ്വാജിന്റെ ഖുഫിയ എന്ന സിനിമയിലാണ് അലിയെ ആദ്യമായി കണ്ടതെന്നും സിനിമയിലും സീരീസുകളിലും അലി നടത്തിയ പ്രകടനം തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.

അയാളുടെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും അതിന് മണിരത്‌നം അവസരമൊരുക്കിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഇന്ത്യയിലുള്ളതില്‍ മികച്ച നടന്മാരില്‍ ഒരാളാണ് അലി ഫസലെന്ന് സംശയമില്ലതെ താന്‍ പറയുമെന്നും തമിഴ് സിനിമയിലേക്ക് വരവേല്ക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് കമല്‍ ഹാസന്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

‘അലി, താങ്കളെ കാണാനില്ലായിരുന്നു. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ തമിഴില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മാറുകയാണ്. വിശാല്‍ ഭരദ്വാജിന്റെ സിനിമയിലാണ് ആദ്യമായി നിങ്ങളെ കണ്ടത്. സിനിമയിലായാലും സീരീസുകളിലായാലും നിങ്ങള്‍ നല്ല പെര്‍ഫോമന്‍സാണ് നടത്തിയത്. എങ്ങനെയെങ്കിലും താങ്കളോടൊപ്പം അഭിനയിക്കുക എന്നൊരു ആഗ്രഹമുണ്ടായിരുന്നു.

മണിരത്‌നം അതിന് ഒരു അവസരം നല്‍കി. ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ് നിങ്ങള്‍. തമിഴ് സിനിമയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു,’ കമല്‍ ഹാസന്‍ പറഞ്ഞു.

തമിഴ് സൂപ്പര്‍ താരം സിലമ്പരസനും തഗ് ലൈഫില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അഭിരാമി, തൃഷ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നാസര്‍, ജോജു ജോര്‍ജ്, അശോക് സെല്‍വന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ ഗാനങ്ങള്‍ ഇതിനോടകം ചാര്‍ട്ബസ്‌റ്റേഴ്‌സായി മാറി. ജൂണ്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Kamal Haasan praises Bollywood actor Ali Fazal in Thug Life audio launch