തഗ് ലൈഫിന്റെ കര്‍ണാടകയിലെ വിലക്ക്; കമല്‍ ഹാസന്‍ ഹൈക്കോടതിയില്‍
national news
തഗ് ലൈഫിന്റെ കര്‍ണാടകയിലെ വിലക്ക്; കമല്‍ ഹാസന്‍ ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd June 2025, 4:47 pm

ബെംഗളൂരു: കമല്‍ ഹാസന്‍-മണിരത്‌നം ചിത്രം തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ നിയമനടപടിയുമായി ഹൈക്കോടതിയെ സമീപിച്ച് കമല്‍ ഹാസന്‍. സിനിമക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഫിലിം ചേംബറിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമല്‍ ഹാസന്റെ നിര്‍മാണ കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.

ചിത്രത്തിന്റെ സഹനിര്‍മാതാവായ കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ഹൈക്കോടതിയെ സമീപിച്ചത്. തഗ് ലൈഫിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഒരു ചടങ്ങില്‍വെച്ച് കന്നഡയുടെ ഉത്ഭവം തമിഴില്‍ നിന്നാണെന്ന് കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമര്‍ശത്തെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്.

ഭാഷ വിവാദത്തില്‍ കമല്‍ ഹാസന്‍ പരസ്യമായി മാപ്പ് പറയുന്നത് വരെ തഗ്‌ലൈഫിന് കര്‍ണാടകയില്‍ വിലക്ക്‌ ഏര്‍പ്പെടുത്തുമെന്ന് കര്‍ണാടക ഫിലം ചേമ്പര്‍ ഓഫ് കോമേഴ്സും വ്യക്തമാക്കി. ജൂണ്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് കമല്‍ ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചത്.

താന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ മാത്രമെ മാപ്പ് പറയൂ എന്ന നിലപാടാണ് കമല്‍ ഹാസന്‍ സ്വീകരിച്ചത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും താന്‍ നിയമത്തില്‍ വിശ്വസിക്കുന്നതായും പറഞ്ഞ കമല്‍ ഹാസന്‍ പ്രത്യേക അജണ്ടയുള്ളവര്‍ മാത്രമാണ് ഇക്കാര്യത്തില്‍ പ്രശ്‌നം ഉണ്ടാക്കുന്നതെന്നും അല്ലാത്തവര്‍ അതിനെ സംശയിക്കില്ല എന്നും പറഞ്ഞിരുന്നു.

‘എനിക്ക് മുമ്പും ഭീഷണി നേരിട്ടിട്ടുണ്ട്. പറഞ്ഞത് തെറ്റാണെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കും. എന്നാല്‍ അങ്ങനെയല്ലെങ്കില്‍ ചെയ്യില്ല,’ കമല്‍ ഹാസന്‍ പറഞ്ഞു.

കന്നഡ ഭാഷ സംഘടനകളിലൊന്നായ കര്‍ണാടക രക്ഷണ വേദികെ (കെ.ആര്‍.വി) കമല്‍ ഹാസന്‍ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ കര്‍ണാടകയിലുടനീളം അദ്ദേഹത്തിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കുമെന്ന് ആഹ്വാനം ചെയ്തിരുന്നു.

തന്റെ പുതിയ സിനിമയായ തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു കമല്‍ ഹാസന്റെ വിവാദ പരാമര്‍ശം. കന്നഡ നടന്‍ ശിവരാജ്കുമാറിനെ ചൂണ്ടിക്കാട്ടിയാണ് നമ്മള്‍ രണ്ട് പേരും കുടുംബമാണെന്നും കാരണം തമിഴില്‍ നിന്നാണല്ലോ കന്നട ഉത്ഭവിച്ചതെന്ന് കമല്‍ ഹാസന്‍ പറഞ്ഞത്. ഈ പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെ  നിരവധി കന്നഡ അനുകൂല സംഘടനകളും കമല്‍ ഹാസന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Content Highlight: Kamal Haasan moves Karnataka High Court against ban on Thug Life