കുറച്ച് ശ്രദ്ധ നല്‍കിയിരുന്നെങ്കില്‍ ആ മലയാള നടി ഇന്ത്യന്‍ സിനിമയിലെ വലിയൊരു സംവിധായികയായേനെ: കമല്‍ ഹാസന്‍
ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയ എന്നറിയപ്പെടുന്ന നടനാണ് കമല്‍ ഹാസന്‍. ആറാം വയസില്‍ സിനിമയിലേക്കെത്തിയ കമല്‍ ഹാസന്‍ ആദ്യചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കി. പിന്നീട് സിനിമയുടെ സകല മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ കമല്‍ ഹാസന്‍ സ്വന്തമാക്കാത്ത അവാര്‍ഡുകളിലില്ല. നടനായും താരമായും ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ചുരുക്കം അഭിനേതാക്കളിലൊരാളാണ് കമല്‍ ഹാസന്‍.

മലയാളത്തിലെ മികച്ച നടിമാരിലൊരാളായ ഉര്‍വശിയെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഹാസന്‍. ഇന്ത്യന്‍ സിനിമ കണ്ട മികച്ച നടിയാണ് ഉര്‍വശിയെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് താരം പറഞ്ഞു. എന്നാല്‍ അതിനെക്കാളുപരി ഉര്‍വശിയിലെ എഴുത്തുകാരിയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറയുന്നു.
വളരെ നല്ല എഴുത്താണ് ഉര്‍വശിയുടേതെന്നും താന്‍ അത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. കുറച്ച് ശ്രദ്ധ നല്‍കിയിരുന്നെങ്കില്‍ നല്ല സിനിമകള്‍ ഉര്‍വശിയില്‍ നിന്ന് പിറന്നേനെയെന്നും ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും നല്ല സംവിധായികയായി മാറിയേനെയെന്നും അദ്ദേഹം പറയുന്നു.

പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ നിന്നുകൊണ്ട് അവര്‍ വലിയ മാറ്റങ്ങള്‍ ഈ സമൂഹത്തില്‍ കൊണ്ടുവന്നേനെയെന്നും അത്രക്ക് നല്ല എഴുത്താണ് ഉര്‍വശിയുടേതെന്നും താരം പറഞ്ഞു. എന്നാല്‍ അത് സംഭവിക്കാത്തത് ഇന്‍ഡസ്ട്രിയുടെ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തഗ് ലൈഫിന്റെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.
‘ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടമാരില്‍ ഒരാളാണ് ഉര്‍വശിയെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പലരും അത് അംഗീകരിച്ചിട്ടുമുണ്ട്. എന്നാല്‍ അവരിലെ എഴുത്തുകാരിയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. എനിക്ക് ഉര്‍വശി എന്ന നടിയെ എത്രത്തോളം അറിയാമോ, അത്രത്തോളം തന്നെ അവരുടെ എഴുത്തിനെക്കുറിച്ചും അറിയാം.

കുറച്ച് ശ്രദ്ധ കൊടുത്തിരുന്നെങ്കില്‍ അവരിലെ എഴുത്തുകാരിയെക്കുറിച്ച് സിനിമാലോകം കൂടുതല്‍ അറിഞ്ഞേനെ. നല്ലൊരു സംവിധായികയാകാനും ഉര്‍വശിക്ക് സാധിക്കുമായിരുന്നു. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ അവരെപ്പോലൊരു സംവിധായിക വന്നിരുന്നെങ്കില്‍ വലിയ മാറ്റങ്ങളുണ്ടായേനെ,’ കമല്‍ ഹാസന്‍ പറയുന്നു.
Content Highlight: Kamal Haasan about the writing skills of Uvashi