ഞാനൊരു വലിയ നടനാണെന്ന ചിന്ത വേണ്ട, കൂളായി പെര്‍ഫോം ചെയ്‌തോളൂ എന്ന് പറഞ്ഞു, എന്നെ ചെറിയ നടനായി കണക്കാക്കണ്ട എന്നായിരുന്നു അയാളുടെ മറുപടി: കമല്‍ ഹാസന്‍
Entertainment
ഞാനൊരു വലിയ നടനാണെന്ന ചിന്ത വേണ്ട, കൂളായി പെര്‍ഫോം ചെയ്‌തോളൂ എന്ന് പറഞ്ഞു, എന്നെ ചെറിയ നടനായി കണക്കാക്കണ്ട എന്നായിരുന്നു അയാളുടെ മറുപടി: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th May 2025, 9:06 pm

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇരുവര്‍ക്കുമൊപ്പം എ.ആര്‍. റഹ്‌മാനും തഗ് ലൈഫിന്റെ ഭാഗമാകുന്നു എന്നത് ചിത്രത്തിന്റെ പ്രതീക്ഷ കൂട്ടുന്നുണ്ട്.

കമല്‍ ഹാസനൊപ്പം തമിഴ് സൂപ്പര്‍താരം സിലമ്പരസനും തഗ് ലൈഫില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇരുവരുമൊന്നിച്ചുള്ള രംഗങ്ങള്‍ തിയേറ്ററില്‍ വലിയ ഓളമുണ്ടാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. സിലമ്പരസനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് കമല്‍ ഹാസന്‍. പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് സിലമ്പരസനെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.

എവിടെയായാലും അയാളുടേതായ ഓറ സിലമ്പരസന്റെ കൂടെയുണ്ടാകുമെന്നും മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് കൃത്യമായ ബോധ്യമുള്ള ആളാണ് സിലമ്പരസനെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. തന്റെയൊപ്പം അഭിനയിക്കാന്‍ പോകുന്നതിന് മുമ്പ് എല്ലാവരും സിലമ്പരസനെ എന്‍കറേജ് ചെയ്യുമായിരുന്നെന്നും കമല്‍ ഹാസന്‍ പറയുന്നു.

ആദ്യത്തെ ഷോട്ടിന് മുമ്പ് താന്‍ സിലമ്പരസനെ കംഫര്‍ട്ടാക്കാന്‍ ശ്രമിച്ചെന്നും കമല്‍ ഹാസന്‍ പറഞ്ഞു. താന്‍ വലിയ ആര്‍ട്ടിസ്റ്റാണെന്ന് കരുതണ്ടെന്നും സ്വന്തം രീതിയില്‍ പെര്‍ഫോം ചെയ്താല്‍ മതിയെന്ന് പറഞ്ഞെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. തന്നെ ചെറിയ ആര്‍ട്ടിസ്റ്റായി കണക്കാക്കണ്ട എന്നായിരുന്നു സിലമ്പരസന്റെ മറുപടിയെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.

‘ഈ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ സിലമ്പരസന്റെ പേരും എടുത്ത് പറയേണ്ടതാണ്. ഈ തലമുറയിലെ മികച്ച നടന്മാരിലൊരാളാണ് എസ്.ടി.ആര്‍. എവിടെപ്പോയാലും അയാളുടേതായിട്ടുള്ള ഒരു ഓറ എപ്പോഴും കൂടെക്കാണും. ഒപ്പമുള്ള ആര്‍ട്ടിസ്റ്റുകളോട് എങ്ങനെ പെരുമാറണമെന്ന് കൃത്യമായ ബോധ്യം സിലമ്പരസനുണ്ട്.

ഈ സിനിമയിലേക്ക് വരുമ്പോള്‍ പലരും അയാളെ എന്‍കറേജ് ചെയ്തു. വലിയൊരു പ്രൊജക്ടിന്റെ ഭാഗമാവുകയാണ്, നന്നായി ചെയ്യ് എന്നൊക്കെ. ആദ്യത്തെ സീന്‍ എടുക്കുന്നതിന് മുമ്പ് ഞാന്‍ അയാളെ കംഫര്‍ട്ടാക്കി. ‘ഞാനൊരു വലിയ ആര്‍ട്ടിസ്റ്റാണെന്ന ചിന്തയൊന്നും വേണ്ട, സാധാരണ നടനായി മാത്രം കണ്ടാല്‍ മതി’ എന്ന് പറഞ്ഞു. അത് കേട്ടിട്ട് സിലമ്പരസന്‍ ‘സാര്‍, നിങ്ങളും എന്നെ ചെറിയ നടനായി കണക്കാക്കണ്ട, താങ്കളുടെ രീതിയില്‍ ചെയ്താല്‍ മതി’ എന്ന് മറുപടി നല്‍കി,’ കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlight: Kamal Haasan about the shooting experience with Silambarasan in Thug Life movie