തമിഴ് സിനിമയെ മാത്രമല്ല, ഇന്ത്യന്‍ സിനിമയെ ഒട്ടാകെ ഞെട്ടിച്ച റൂമറായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ കമല്‍ ഹാസനും രജിനികാന്തും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന വാര്‍ത്ത സിനിമാപ്രേമികളെ ആവേശം കൊള്ളിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല.
നിലവില്‍ തമിഴിലെ ബ്രാന്‍ഡ് സംവിധായകനായ ലോകേഷ് ഈ പ്രൊജക്ട് സംവിധാനം ചെയ്‌തേക്കുമെന്നായിരുന്നു കേട്ടിരുന്നത്. കൂലി പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാല്‍ കൈതി 2വിന് മുമ്പ് ലോകേഷ് ഈ പ്രൊജക്ടിലേക്ക് കടക്കുമെന്നും കേട്ടിരുന്നു. ഇപ്പോഴിതാ രജിനിയുമൊത്ത് ഒന്നിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് കമല്‍ ഹാസന്‍.
കഴിഞ്ഞദിവസം നടന്ന സൈമ അവാര്‍ഡ്‌സിലായിരുന്നു കമല്‍ ഹാസന്റ വെളിപ്പെടുത്തല്‍. 46 വര്‍ഷത്തിന് ശേഷം പ്രേക്ഷകര്‍ക്ക് ഗംഭീര സിനിമ ലഭിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗംഭീര സിനിമ എന്ന വാക്കിലാണ് ഏറ്റവും വലിയ അപകടമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകള്‍ ആരംഭിച്ചത്.
‘തരമാന സംഭവമാണോ എന്ന് പറയേണ്ടത് പ്രേക്ഷകരാണ്. സിനിമ റിലീസാകുന്നതിന് മുന്നേ അത് ഗംഭീരമാണെന്നൊക്കെ പറഞ്ഞിട്ട് ഒടുക്കം അതുപോലെ ഒന്ന് കിട്ടിയില്ലെങ്കില്‍ ഓഡിയന്‍സ് നിരാശരാകും. അതുകൊണ്ട് എല്ലാം അറിയുന്നത് വരെ പ്രതീക്ഷയില്ലാതെ ഇരിക്കുക. ഞാനും അയാളും ഒന്നിക്കണമെന്ന ചിന്ത വന്നിട്ട് കുറച്ചധികം കാലമായി.
പരസ്പര സ്‌നേഹത്തോടെ പിരിഞ്ഞിരുന്നവരാണ് ഞങ്ങള്‍. ഒരു ബിസ്‌കറ്റ് പകുതിയാക്കി രണ്ടുപേര്‍ക്കും തന്നുകൊണ്ടിരിക്കുകയായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ ബിസ്‌കറ്റ് വേണമെന്ന ചിന്തയില്‍ വേര്‍പിരിഞ്ഞു. ഇപ്പോള്‍ വീണ്ടും ഒരു ബിസ്‌ക്കറ്റ് ഷെയര്‍ ചെയ്യാമെന്ന ആഗ്രഹം വന്നിരിക്കുകയാണ്. അതിന്റെ സന്തേഷം എന്തായാലുമുണ്ട്. ഞങ്ങള്‍ വീണ്ടും ഒരുമിച്ച് വരും,’ കമല്‍ ഹാസന്‍ പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൈതി 2വിലേക്കാകും ലോകേഷ് ഇനി കടക്കുക എന്നായിരുന്നു അറിയിച്ചത്. എന്നാല്‍ കമല്‍ ഹാസന്‍- രജിനി കോമ്പോയുടെ സിനിമ അപ്രതീക്ഷിതമായി വരികയായിരുന്നു. കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിനോടൊപ്പം റെഡ് ജയന്റ് മൂവീസും ചേര്‍ന്നാകും ഈ പ്രൊജക്ട് നിര്‍മിക്കുക. നിലവില്‍ ജയിലര്‍ 2വിന്റെ തിരക്കിലാണ് രജിനികാന്ത്. ഇതിന് ശേഷമാകും തമിഴ് സിനിമയുടെ ഡ്രീം പ്രൊജക്ടില്‍ അദ്ദേഹം ജോയിന്‍ ചെയ്യുക.
Content Highlight: Kamal Haasan about the rumors going on social media that he and Rajnikanth joining together for a film