സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 36 വര്‍ഷത്തിന് ശേഷം മണിരത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം അനൗണ്‍സ്മെന്റ് മുതല്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്ഡേറ്റും അതിനെ കൂട്ടുകയും ചെയ്തിരുന്നു. കമല്‍ ഹാസനൊപ്പം സിലമ്പരസനും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തമിഴില്‍ പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ്. തിയേറ്ററില്‍ റിലീസ് ചെയ്ത് എട്ട് ആഴ്ചകള്‍ക്ക് ശേഷമാകും തഗ് ലൈഫ് ഒ.ടി.ടിയില്‍ സ്ട്രീം ചെയ്യുക. നിലവില്‍ ഭൂരിഭാഗം തമിഴ് സിനിമകളും നാലാഴ്ചക്ക് ശേഷമാണ് ഒ.ടി.ടി റിലീസ് ചെയ്യുന്നത്. തിയേറ്ററുകള്‍ക്ക് ഇത് ചെറിയ രീതിയില്‍ നഷ്ടം ഏര്‍പ്പെടുത്തുന്നുണ്ടെന്ന് വിമര്‍ശനമുണ്ട്.
അതിന് ബദലായാണ് തഗ് ലൈഫ് പുതിയ പരീക്ഷണത്തിന് തയാറെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഹാസന്‍. ഇതൊരു പരീക്ഷണമല്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. പ്രായോഗികമായ കാര്യമാണ് ഇതെന്നും അതിന് ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ ആളുകള്‍ സമ്മതിച്ചത് വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവര്‍ സമ്മതിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും കമല്‍ ഹാസന്‍ പറയുന്നു. ഇങ്ങനെ ചെയ്തത് ഒരു നെഗോസ്യേഷനല്ലെന്നും തങ്ങളുടെ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴിലെ മറ്റ് സിനിമകള്‍ക്ക് ഇത് ആവശ്യമെങ്കില്‍ ഫോളോ ചെയ്യാമെന്ന് പറഞ്ഞ കമല്‍ ഇത്തരമൊരു കാര്യം ആദ്യം ചെയ്തത് തങ്ങളാണെന്ന കാര്യത്തില്‍ അഭിമാനമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. തഗ് ലൈഫിന്റെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തിയേറ്ററില്‍ റിലീസ് ചെയ്ത് എട്ട് ആഴ്ചക്ക് ശേഷം ഒ.ടി.ടിയില്‍ ഇറക്കുക എന്നത് ഒരു പരീക്ഷണമല്ല. പ്രായോഗികമായ കാര്യമാണ് ഞങ്ങള്‍ ചെയ്തത്. ഒ.ടി.ടി പ്ലാറ്റഫോമും അതിനൊപ്പം നിന്നത് സന്തോഷം തരുന്ന കാര്യമാണ്. ഇതൊരു നെഗോസേഷ്യനല്ലായിരുന്നു. ഞങ്ങളുട പ്ലാന്‍ ഇതായിരുന്നു. തമിഴിലെ മറ്റ് സിനിമകള്‍ക്ക് വേണമെങ്കില്‍ ഇത് ഫോളോ ചെയ്യാം. എന്തായാലും ഈ തീരുമാനം ആദ്യം ഞങ്ങള്‍ എടുത്തു എന്നത് അഭിമാനകരമായ കാര്യമാണ്,’ കമല്‍ ഹാസന്‍ പറയുന്നു.
നെറ്റ്ഫ്‌ളിക്‌സാണ് തഗ് ലൈഫിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 140 കോടിക്കാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തത്. വന്‍ താരനിരയാണ് തഗ് ലൈഫില്‍ അണിനിരക്കുന്നത്. നാസര്‍, ജോജു ജോര്‍ജ്, തൃഷ, സാന്യ മല്‍ഹോത്ര, ഐശ്വര്യ ലക്ഷ്മി, അഭിരാമി, അശോക് സെല്‍വന്‍ തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. എ.ആര്‍. റഹ്‌മാനാണ് തഗ് ലൈഫിന്റെ സംഗീതം. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Kamal Haasan about the new initiative he taken for the OTT Release of Thug Life movie