ശിവാജി ഗണേശന്‍ ആരാണെന്ന് പുതിയ തലമുറക്ക് മനസിലാകാന്‍ ആ ഒരൊറ്റ സിനിമ മതിയാകും, വേറെയാരും അദ്ദേഹത്തിന് പകരമാകില്ല: കമല്‍ ഹാസന്‍
Entertainment
ശിവാജി ഗണേശന്‍ ആരാണെന്ന് പുതിയ തലമുറക്ക് മനസിലാകാന്‍ ആ ഒരൊറ്റ സിനിമ മതിയാകും, വേറെയാരും അദ്ദേഹത്തിന് പകരമാകില്ല: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd May 2025, 3:21 pm

ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്ന കമല്‍ 64 വര്‍ഷത്തെ സിനിമാജീവിതത്തില്‍ കൈവെക്കാത്ത മേഖലകളില്ല. അഭിനയത്തിന് പുറമെ സംവിധാനം, തിരക്കഥ, നിര്‍മാണം, ഗാനരചന, ഗായകന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കൊറിയോഗ്രാഫര്‍ തുടങ്ങി സകലമേഖലയിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ നടികര്‍ തിലകം ശിവാജി ഗണേശനെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഹാസന്‍. തനിക്ക് മൂന്ന് വയസുള്ളപ്പോള്‍ തൊട്ട് എം.ജി.ആറിനെയും ശിവാജി ഗണേശനെയും കണ്ട് വളര്‍ന്നതാണെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. എന്നാല്‍ അവരുടെ വലിപ്പം എത്ര മാത്രമുണ്ടെന്ന് അന്ന് തനിക്ക് മനസിലായില്ലായിരുന്നെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

വളര്‍ന്ന് വലുതായ ശേഷം സിനിമയെ സീരിയസായി കാണാന്‍ ആരംഭിച്ചെന്നും എന്നാല്‍ അവരുടെ വലിപ്പം മറ്റുള്ളവര്‍ക്ക് മനസിലാക്കി കൊടുക്കുക എന്നത് തന്റെ ചുമതലയാണെന്ന് തോന്നിയെന്നും കമല്‍ ഹാസന്‍ പറയുന്നു. അതിന് തനിക്ക് തേവര്‍ മകന്‍ പോലൊരു സിനിമ ആവശ്യമായി വന്നെന്നും ഇന്നത്തെ തലമുറ ശിവാജി ഗണേശന്റെ വലിപ്പം മനസിലാക്കിയത് ആ സിനിമയിലൂടെയാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

ആ സിനിമയില്‍ പെരിയ തേവരുടെ വേഷം ചെയ്യാന്‍ ശിവാജി ഗണേശനല്ലാതെ വേറൊരു നടന് സാധിക്കുമെന്ന് ആരും പറയില്ലെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. നടികര്‍ തിലകം എന്ന് അദ്ദേഹത്തെ വിളിക്കുന്നതിന്റെ കാരണം ആ ഒരൊറ്റ സിനിമ കണ്ടാല്‍ മതിയാകുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് മൂന്ന് വയസുള്ളപ്പോള്‍ തൊട്ട് കാണുന്നതാണ് എം.ജി.ആര്‍ സാറെയും ശിവാജി ഗണേശന്‍ സാറെയും. എന്നാല്‍ അവരുടെ വലിപ്പം മനസിലാക്കാനുള്ള പ്രായവും പക്വതയും എനിക്ക് അന്ന് ഉണ്ടായിരുന്നില്ല. വളര്‍ന്ന് വലുതായ ശേഷം സിനിമയെ സീരിയസായി കാണാന്‍ തുടങ്ങി. അപ്പോഴാണ് അവരൊക്കെ എത്രമാത്രം വളര്‍ന്നുവെന്ന് മനസിലായത്.

എന്നാല്‍ അത് മറ്റുള്ളവരിലേക്കും പ്രത്യേകിച്ച് എനിക്ക് ശേഷമുള്ളവര്‍ക്കും മനസിലാക്കി കൊടുക്കാന്‍ എനിക്ക് ഒരു തേവര്‍ മകന്‍ വേണ്ടി വന്നു. അതിലെ ശിവാജി ഗണേശന്‍ സാറിന്റെ വേഷം വേറെയാരെയെങ്കിലും വെച്ച് ആലോചിക്കാന്‍ പറ്റുമോ?. പറ്റില്ലെന്നേ പറയുള്ളൂ. അതുകൊണ്ടാണ് അദ്ദേഹത്തെ നടികര്‍ തിലകം എന്ന് വിളിക്കുന്നത്,’ കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlight: Kamal Haasan about Sivaji Ganesan’s performance in Thevar Magan movie