ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയ എന്നറിയപ്പെടുന്ന നടനാണ് കമല്‍ ഹാസന്‍. ബാലതാരമായി സിനിമയിലേക്കെത്തിയ കമല്‍ ഹാസന്‍ ആദ്യചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കി. സിനിമയുടെ സകല മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ കമല്‍ ഹാസന്‍ സ്വന്തമാക്കാത്ത അവാര്‍ഡുകളിലില്ല. നടനായും താരമായും ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ചുരുക്കം അഭിനേതാക്കളിലൊരാളാണ് കമല്‍ ഹാസന്‍.
ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സതി ലീലാവതി. കമല്‍ ഹാസന്‍, കല്പന, കോവൈ സരള എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം വന്‍ വിജയമായിരുന്നു. കോയമ്പത്തൂര്‍ സ്ലാങ് അതിമനോഹരമായി കമല്‍ ഹാസന്‍ കൈകാര്യം ചെയ്ത ചിത്രമായിരുന്നു സതി ലീലാവതി. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഹാസന്‍.
ശക്തിവേല്‍ ഗൗണ്ടര്‍ എന്ന കഥാപാത്രം ഏത് മീറ്ററില്‍ സംസാരിക്കണമെന്ന് കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ പ്രേക്ഷകരില്‍ ഒരു കല്ലുകടിയുണ്ടാക്കുമെന്നും കമല്‍ പറഞ്ഞു. അക്കാര്യത്തില്‍ തന്നെ സഹായിച്ചത് കോവൈ സരളയായിരുന്നെന്നും അവരില്ലാതെ താന്‍ ഡബ്ബിങ്ങിന് പോകില്ലെന്ന് പറഞ്ഞിട്ടുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.
‘പ്രാദേശിക സ്ലാങ്ങുകള്‍ അവതരിപ്പിക്കുമ്പോള്‍ ആ ഡയലോഗുകള്‍ ഒരിക്കലും എഴുതി പഠിക്കാന്‍ പാടില്ല. അക്കാര്യത്തില്‍ എന്റെ ഗുരു മര്‍ലന്‍ ബ്രാണ്ടോയാണ്. അദ്ദേഹത്തില്‍ നിന്നാണ് ഞാന്‍ ഇക്കാര്യം പഠിക്കുന്നത്. പ്രാദേശിക സ്ലാങ്ങുകളില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും എഴുതി പഠിച്ചാല്‍ മനസിലാകില്ല. നമ്മള്‍ അത് മനസിലാക്കി വേണം കൈകാര്യം ചെയ്യാന്‍.
സതി ലീലാവതിയിലെ കഥാപാത്രത്തിന്റെ പേര് ശക്തിവേല്‍ ഗൗണ്ടര്‍ എന്നാണ്. കോയമ്പത്തൂര്‍ കാരനായ അയാള്‍ സാധാരണ തമിഴ് സംസാരിച്ചാല്‍ ശരിയാകില്ല. അയാള്‍ ഏത് മീറ്ററില്‍ സംസാരിക്കണമെന്ന കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ഓഡിയന്‍സിന് അത് കല്ലുകടിയായി തോന്നും.
കോവൈ സരള കൂടെയില്ലെങ്കില്‍ ഞാന്‍ ഡബ്ബിങ്ങിന് പോകില്ലെന്ന് തീര്‍ത്ത് പറഞ്ഞു. എവിടെ കൂട്ടണം എവിടെ കുറക്കണമെന്ന് എന്റെ അടുത്തിരുന്ന് അവര്‍ പറഞ്ഞുതരുമായിരുന്നു. ആ കഥാപാത്രം ഹിറ്റായതിന്റെ ക്രെഡിറ്റ് കോവൈ സരളക്ക് കൂടിയുള്ളതാണ്,’ കമല്‍ ഹാസന്‍ പറഞ്ഞു.
കമല്‍ ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫ് റിലീസിന് തയാറെടുക്കുകയാണ്. 36 വര്‍ഷത്തിന് ശേഷം മണിരത്‌നവുമായി കമല്‍ ഹാസന്‍ കൈകോര്‍ക്കുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. കമല്‍ ഹാസനൊപ്പം സിലമ്പരസനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജൂണ്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Kamal Haasan about Kovai Sarala’s influence in Sathi Leelavathi movie