ഗസയിലെ കമല്‍ അദ്‌വാന്‍ ഹോസ്പിറ്റല്‍ ഐ.സി.യു ഡയറക്ടര്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
World News
ഗസയിലെ കമല്‍ അദ്‌വാന്‍ ഹോസ്പിറ്റല്‍ ഐ.സി.യു ഡയറക്ടര്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2024, 1:30 pm

ഗസ: ഇസ്രഈലിലെ പ്രവര്‍ത്തനക്ഷമമായ മൂന്ന് ആശുപത്രികളിലൊന്നായ കമാല്‍ അദ്‌വാന്‍ ആശുപത്രി ഐ.സി.യു ഡയറക്ടര്‍ അഹ്‌മദ് അല്‍ കഹ്‌ലൂത്ത് ഇസ്രആല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരാഴ്ച്ചയ്ക്ക് മുമ്പ് ആശുപത്രിയുടെ എന്‍ട്രന്‍സിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ അഹ്‌മദ് അല്‍ കഹ്‌ലൂത്തിന് പരിക്കേറ്റിരുന്നു.

യുദ്ധം ആരംഭിച്ചതോടെ ഇസ്രഈല്‍ ആക്രമണത്തില്‍ ഗസയിലെ നിരവധി ആശുപത്രികള്‍ അടച്ചിടുകയോ തകര്‍ന്ന് പോകുകയോ ചെയ്തിരുന്നു. കമല്‍ അദ്‌വാന്‍ ആശുപത്രി ഇസ്രഈല്‍ സൈന്യത്തിന്റെ കൈയില്‍ ആണെങ്കിലും ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മാസങ്ങളോളം ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പത്തോളം തവണ വാട്ടര്‍ ടാങ്കുകളും സീവേജ് സിസ്റ്റങ്ങളും തകര്‍ന്നിരുന്നു.

ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഗസയിലെ ആദ്യ ഡോക്ടര്‍ അല്ല അല്‍ കഹ് ലൂത്ത്. ഇതേ ആശുപത്രിയിലെ ഡയറക്ടര്‍ക്കും കഴിഞ്ഞ ദിവസം ഇസ്രഈല്‍ ആക്രമണത്തില്‍ കാലിന് പരിക്കേറ്റിരുന്നു. എന്നാല്‍ ഇസ്രഈല്‍ എത്രത്തോളം ആക്രമണം നടത്തിയാലും ഗസയിലെ ജനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നത് നിര്‍ത്തില്ലെന്ന പറയുന്ന ഡയറക്ടറുടെ വീഡിയോ അല്‍ ജസീറ അടുത്തിടെ പുറത്ത് വിട്ടിരുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഗസയിലെ ആശുപത്രികള്‍ ഹമാസ് ഒളിച്ചിരിക്കാനുള്ള താവളങ്ങളായി മാറ്റുന്നതായി അഹമ്മദ് അല്‍ കഹ്‌ലൂത്ത് പറയുന്ന വീഡിയോ ഇസ്രഈല്‍ സൈന്യം പുറത്ത് വിട്ടിരുന്നു. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തിയാണ് ഇത്തരമൊരു വീഡിയോ ചിത്രീകരിച്ചതെന്ന് അദ്ദേഹം തന്നെ മുമ്പ് പറഞ്ഞിരുന്നു.

യു.എസിന്റെ നേതൃത്വത്തില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രഈലുമായി ചര്‍ച്ചകള്‍ നടത്തും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഇസ്രഈല്‍ സൈന്യം ആക്രമണം ശക്തമാക്കുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാലും ഗസയില്‍ നിന്ന് സൈന്യത്തെ അടുത്ത വര്‍ഷങ്ങളില്‍ ഒന്നും തന്നെ പിന്‍വലിക്കില്ലെന്ന് ഇസ്രഈല്‍ ഭക്ഷ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഹമാസ് തിരികെ ഗസയില്‍ അധികാരത്തില്‍ വരുന്നത് തടയാനും അവരുടെ സേനയിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നത് പ്രതിരോധിക്കാനും വേണ്ടിയാണ് ഇസ്രഈല്‍ സൈന്യം അവിടെ തമ്പടിക്കുന്നത്. കൂടാതെ മാനുഷിക സഹായങ്ങള്‍ ഉറപ്പ് വരുത്താനും സൈന്യത്തിന്റെ സാന്നിധ്യം വഴി കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight:  Kamal Adwan Hospital’s ICU director killed in Israel attack