എന്റെ ഫാന്‍ പേജിലെ എല്ലാ പോസ്റ്റും ലൈക്ക് ചെയ്യുന്നത് എന്തിനാണെന്ന് ഞാന്‍ ചോദിച്ചു: കല്യാണി പ്രിയദര്‍ശന്‍
Malayalam Cinema
എന്റെ ഫാന്‍ പേജിലെ എല്ലാ പോസ്റ്റും ലൈക്ക് ചെയ്യുന്നത് എന്തിനാണെന്ന് ഞാന്‍ ചോദിച്ചു: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th August 2025, 2:58 pm

വിക്രം കുമാര്‍ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് കല്യാണി പ്രിയദര്‍ശന്‍. പിന്നീട് തെലുങ്ക്, തമിഴ് സിനിമകളില്‍ ഭാഗമായിരുന്ന നടി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്.

മലയാളികളുടെ പ്രിയനടി ലിസിയുടെയും സംവിധായകന്‍ പ്രിയദര്‍ശന്റെയും മകള്‍ കൂടിയാണ് കല്യാണി. താനാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പര്‍സ്റ്റാര്‍ എന്നാണ് തന്റെ അമ്മയായ ലിസിയുടെ വിചാരമെന്ന് പറയുകയാണ് കല്യാണി.

ഇന്റര്‍നെറ്റില്‍ മൊത്തം താനാണെന്നാണ് അമ്മയുടെ വിചാരമെന്നും അമ്മയ്ക്ക് സോഷ്യല്‍ മീഡിയയുടെ ആല്‍ഗോരിതം എന്താണെന്ന് അറിയില്ലെന്നും നടി പറഞ്ഞു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കല്യാണി.

‘ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാമിലെ എക്‌സ്‌പ്ലോര്‍ ഫീഡ് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ചില ഫാന്‍ പേജിലെ പോസ്റ്റുകളൊക്കെ അതില്‍ വരും. അതിന് എല്ലാത്തിലും താഴെയായി അമ്മയുടെ ലൈക്ക് വന്നിട്ടുണ്ടാകും.

ഒരു ദിവസം ഞാന്‍ അമ്മയെ കളിയാക്കി കൊണ്ട് ‘എന്തിനാണ് എല്ലാ പോസ്റ്റും ലൈക്ക് ചെയ്യുന്നത്’ എന്ന് ചോദിച്ചിരുന്നു. അതുകൊണ്ടാണല്ലോ അമ്മയുടെ ഫീഡ് മൊത്തം ഞാന്‍ വരുന്നത്. ‘ഞാന്‍ നോക്കുമ്പോള്‍ എന്റെ കൊച്ചിന്റെ ഫോട്ടോ. അത് കാണുമ്പോള്‍ ഞാന്‍ ലൈക്ക് ചെയ്യും’ എന്നായിരുന്നു അമ്മയുടെ മറുപടി,’ കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.

അമ്മയുടെ അത്രയും നിഷ്‌കളങ്കമായ മറുപടി കേട്ടതോടെ താനൊന്നും പറഞ്ഞില്ലെന്നും എന്നാല്‍ ഇനിയിങ്ങനെ ലൈക്ക് ചെയ്യരുതെന്ന് പറഞ്ഞുവെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു. ‘എന്റെ കൊച്ചിന്റെ ഫോട്ടോ ഞാന്‍ ലൈക്ക് ചെയ്തില്ലേല്‍ പിന്നെ വേറെയാര് ലൈക്ക് ചെയ്യു’മെന്ന് അമ്മ ചോദിച്ചുവെന്നും അവസാനം താനാണ് സൂപ്പര്‍സ്റ്റാറെന്ന് അമ്മ കരുതിക്കോട്ടേയെന്ന് താന്‍ വിചാരിച്ചുവെന്നും നടി പറഞ്ഞു.


Content Highlight: Kalyani Priyadarshan Talks About Lissy