എനിക്ക് ഡബ്ബ് ചെയ്ത ആ ശബ്ദം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു; അമ്മക്ക് മാത്രം തൃപ്തിയായില്ല: കല്യാണി പ്രിയദര്‍ശന്‍
Malayalam Cinema
എനിക്ക് ഡബ്ബ് ചെയ്ത ആ ശബ്ദം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു; അമ്മക്ക് മാത്രം തൃപ്തിയായില്ല: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd October 2025, 9:50 am

തന്റെ ആദ്യ സിനിമയെ കുറിച്ചും മാതാപിതാക്കളായ പ്രിയദര്‍ശനെയും ലിസിയെകുറിച്ചും സംസാരിക്കുകയാണ് കല്യാണി.

അച്ഛന്‍ തന്റെ ആദ്യത്തെ വിമര്‍ശകനാണെന്ന് കല്യാണി പറയുന്നു. അമ്മ തന്റെ ആരാധികയാണെന്നും താന്‍ എന്തുചെയ്താലും അമ്മ അത് ആസ്വദിക്കുമെന്നും നടി പറഞ്ഞു. ഹീറോയാണ് തന്റെ ആദ്യത്തെ തമിഴ് സിനിമയെന്നും അതില്‍ താനൊരു മോട്ടിവേഷന്‍ സ്പീക്കറായിട്ടാണ് നായികാവേഷം ചെയ്തതെന്നും കല്യാണി പറയുന്നു.

‘പക്ഷെ എന്റെ ശബ്ദം ആ കഥാപാത്രത്തിന് അനുയോജ്യമായില്ല. സംവിധായകന്റെ പ്രതീക്ഷയ്‌ക്കൊത്ത് എനിക്ക് പ്രവര്‍ത്തിക്കാനായില്ല എന്നതാണ് വാസ്തവം. അതിനുശേഷം പിന്നണി ഗായിക ചിന്മയിയാണ് എനിക്ക് സിനിമയില്‍ ശബ്ദം നല്‍കിയത്.

അവരുടെ ശബ്ദം വളരെ മനോഹരമായി എനിക്ക് യോജിച്ചു. അത് സംവിധായകന്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഇഷ്ടമായെങ്കിലും അമ്മയ്ക്ക് മാത്രം തൃപ്തിയായില്ല. നിനക്കുതന്നെ ഡബ്ബിങ് ചെയ്യാമായിരുന്നു, നിന്റെ ശബ്ദം തന്നെ മാച്ചാവുമായിരുന്നു എന്ന് ഇപ്പോഴും അമ്മ പറയാറുണ്ട്,’ കല്യാണി പറയുന്നു.

ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ വിജയാഘോഷത്തിലാണ് ഇപ്പോള്‍ കല്യാണി പ്രിയദര്‍ശന്‍. കോടികള്‍ സ്വന്തമാക്കിയ ലോക ഇതിനോടകം പല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തു. ഡൊമിനിക്ക് അരുണ്‍ ഒരുക്കിയ സിനിമ ഇപ്പോള്‍ അന്യഭാഷകളിലും ചര്‍ച്ചാവിഷയമാണ്.

തെന്നിന്ത്യയില്‍ ആദ്യമായി ഒരു നായിക കേന്ദ്ര കഥാപാത്രമായി എത്തി 100 കോടി എന്ന റെക്കോര്‍ഡും കല്യാണി ലോകയിലൂടെ സ്വന്തമാക്കി. അതേസമയം ലോകയിലും ഓടും കുതിര ചാടും കുതിരയിലും കല്യാണിക്ക് ശബ്ദംനല്‍കിയത് ഗായിക സയനോര ഫിലിപ്പാണ്.

Content highlight: Kalyani  priyadarshan  talks about her first film and dubbing