ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ഒറ്റ ചിത്രത്തിലൂടെ തന്റെ കഴിവ് തെളിയിച്ച അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികയായെത്തുന്നത്. ഓഗസ്റ്റ് 29 ഓടും കുതിര ചാടും കുതിര പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും.
ഇപ്പോൾ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിലിനെ കുറിച്ച് സംസാരിക്കുകയാണ് കല്യാണി പ്രിയദർശൻ. അഭിനയത്തിൽ തന്നെ ഫഹദ് ഫാസിലിനോളം സഹായിച്ച മറ്റൊരു നടന്നില്ലെന്ന് കല്യാണി പറയുന്നു.
‘ഫഹദിന്റെ കൂടെ അഭിനയിക്കുന്നത് വളരെ രസമുള്ള കാര്യമാണ്. അഭിനയത്തിൽ എന്നെ ഫഹദിന്റെ അത്രയും മറ്റാരും സഹായിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്തപ്പോഴുള്ള എക്സ്പീരിയൻസ് മനോഹരമായിരുന്നു. അതെന്നെ ഇനിയും ഒരുപാട് സ്ഥലങ്ങളിൽ സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്.
ഒരു സംഭവം ഞാൻ പറയാം. ഓടും കുതിര ചാടും കുതിരയിലെ എന്റെ ആദ്യത്തെ ഷോട്ട് ആ മൊത്തം സിനിമയിലെയും ഏറ്റവും പ്രധാനപ്പെട്ട ഒരു സീനായിരുന്നു. അൽത്താഫ് ആണെങ്കിൽ എന്നെ നേരെ ആ ഷോട്ടിലേക്ക് കൊണ്ടിടുകയായിരുന്നു. ഒരു വാമപ്പോ എല്ലാവരുമായി ഇടപഴകാനുള്ള അവസരമോ ഒന്നും തന്നില്ല. ആ സീൻ കോമഡിയും ഇമോഷനും ഒരുപോലെ വർക്ക് ആകേണ്ട സീനായിരുന്നു.
അപ്പോഴൊക്കെ ഫഹദ് എന്നോട് പറയും ‘സാരമില്ല. നിനക്ക് പറ്റുന്നത് പോലെ ചെയ്‌താൽ മതി. പിന്നെ ഇത് എന്തായാലും റീഷൂട്ട് ചെയ്യും’ എന്ന്. എന്നാൽ അൽത്താഫ് അവിടെനിന്ന് പറയും, റീഷൂട്ട് ഒന്നും ഇല്ല. ഇപ്പോൾ തന്നെ കൃത്യമായി ചെയ്യണം എന്ന്. എനിക്ക് പറ്റിയതുപോലത്തെന്നെ ഫഹദിനും പലപ്പോഴും അങ്ങനെ കോമഡിയും ഇമോഷനും ഒരേസമയം പിടിക്കാൻ പറ്റാതെ പോയിട്ടുണ്ട്.
അപ്പോൾ എനിക്ക് മനസിലായി, ഫഹദിനെ പോലെ ഒരു നടൻ വരെ നമ്മളെ ഒരു കഥാപാത്രത്തിലേക്ക് കയറാൻ സമയം എടുക്കാറുണ്ട്. മാത്രമല്ല ഞാനും ഡൗൺ ആയിരിക്കുമ്പോഴും ഇങ്ങനെ ചെയ്തുനോക്കി, അല്ലെങ്കിൽ നമുക്ക് രണ്ടുപേർക്കും ഒരുപോലെ ചെയ്തുനോക്കാം എന്നൊക്കെ പറയുമ്പോൾ അതെനിക്ക് ഭയങ്കര മോട്ടിവേഷൻ ആയിരുന്നു,’ കല്യാണി പ്രിയദർശൻ പറയുന്നു.
Content Highlight: Kalyani Priyadarshan talks about Fahad Faasil