ആ കഥാപാത്രത്തോട് കുറച്ചുകൂടി നീതി പുലര്‍ത്താമായിരുന്നു; വീണ്ടും ചെയ്യാന്‍ ആഗ്രഹമുള്ള സിനിമ: കല്യാണി പ്രിയദര്‍ശന്‍
Malayalam Cinema
ആ കഥാപാത്രത്തോട് കുറച്ചുകൂടി നീതി പുലര്‍ത്താമായിരുന്നു; വീണ്ടും ചെയ്യാന്‍ ആഗ്രഹമുള്ള സിനിമ: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th August 2025, 5:32 pm

 

തെലുങ്കില്‍ കരിയര്‍ ആരംഭിച്ച് ഇന്ന് സൗത്ത് ഇന്ത്യയില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന താരമാണ് കല്യാണി പ്രിയദര്‍ശന്‍. മലയാളികളുടെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കൂടിയാണ് കല്യാണി. കല്യാണിയുടേതായി രണ്ട് സിനിമകളാണ് അടുത്ത ദിവസങ്ങളില്‍ റിലീസിനൊരുങ്ങുന്നത്.

ഇപ്പോള്‍ തനിക്ക് വീണ്ടും ചെയ്യാന്‍ ആഗ്രഹമുള്ള സിനിമയാണ് തല്ലുമാല എന്ന് കല്യാണി പറയുന്നു. ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കല്യാണി.

‘എല്ലാ അഭിനേതാക്കള്‍ക്കും അവര്‍ ചെയ്ത സിനിമയില്‍ ഏതെങ്കിലും ഒരു കഥാപാത്രം വീണ്ടും ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും. അത് എനിക്കെപ്പോഴും തല്ലുമാലയിലെ ബീപാത്തുവാണ്. ഞാന്‍ മുമ്പും പറഞ്ഞത് പോലെ എനിക്ക് എന്റെ കഥാപാത്രമെന്താണെന്ന് മനസിലായത് ഷൂട്ടിങ് തുടങ്ങി കഴിഞ്ഞിട്ടാണ്. സിനിമ റിലീസായി കഴിഞ്ഞിട്ടാണ് എന്റെ കഥാപാത്രത്തെ ഞാന്‍ കണ്ടെത്തിയത്. നിങ്ങള്‍ക്ക് അതില്ലെന്നെ ബ്ലേയിം ചെയ്യാനും കഴിയില്ല. കാരണം സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ച ആര്‍ക്കും സിനിമ മുഴുവനായിട്ടും മനസിലാകില്ല.

അതുകൊണ്ട് ഞാന്‍ റഹ്‌മാന്റെ അടുത്തും മുഹ്‌സിന്റെ അടുത്തും ചോദിച്ചിരുന്നു ഈ സിനിമയേ പറ്റി എന്തെങ്കിലും ഒരു ഐഡിയ പറഞ്ഞ് തരണമെന്ന്. അങ്ങനെയാണെങ്കില്‍ എനിക്ക് ആ കഥാപാത്രത്തിന് എന്റേതായ കുറച്ച് കാര്യങ്ങളും കൂടി കൊടുക്കാമായിരുന്നു. അത് മനസിലായിട്ടുണ്ടെങ്കില്‍ കുറച്ച് കൂടി നീതി പുലര്‍ത്തികൊണ്ട് ബീപാത്തുവിനെ എനിക്ക് അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നാറുണ്ട്,’ കല്യാണി പ്രിയദര്‍ശന്‍.

തല്ലുമാല

മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് തിരക്കഥയെഴുതി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തല്ലുമാല. ആഷിഖ് ഉസ്മാന്‍ നിര്‍മിച്ച ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു. ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ. ലുക്ക്മാന്‍ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു.

Content Highlight:  Kalyani priyadarshan says that Thallumala is a film she would like to do again