വെല്ലുവിളി നിറഞ്ഞ വേഷം; അവര്‍ക്കത് നാച്ചുറലായി വരും എനിക്കത് കിട്ടാന്‍ ബുദ്ധിമുട്ടി: കല്യാണി പ്രിയദര്‍ശന്‍
Malayalam Cinema
വെല്ലുവിളി നിറഞ്ഞ വേഷം; അവര്‍ക്കത് നാച്ചുറലായി വരും എനിക്കത് കിട്ടാന്‍ ബുദ്ധിമുട്ടി: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st August 2025, 10:06 am

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കല്യാണി. സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കൂടിയാണ് അവര്‍. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിച്ചത്. തുടക്കത്തില്‍ തെലുങ്ക്, തമിഴ് സിനിമകളില്‍ ഭാഗമായിരുന്ന നടി അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകളില്‍ അഭിനയിച്ചു.

കല്യാണിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര. അല്‍ത്താഫ് സലീമാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഒര്‍ജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ കോമഡി ചെയ്യാന്‍ ബുദ്ധിമുട്ടാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് കല്യാണി.

‘കോമിക് ടൈമിങ്ങ് എന്നത് ഒരു ട്രിക്കി സംഭവമാണ്. അത് കുറച്ച് ബുദ്ധിമുട്ടാണ്. ഈ സിനിമ എനിക്ക് കുറച്ചുകൂടെ വെല്ലുവിളി നിറഞ്ഞതായിരുന്നു. കാരണം അല്‍ത്താഫിക്കയുടെ ഒരു കോമഡിയുണ്ട്. അത് അദ്ദേഹത്തിന് നാച്ചുറലായി വരും. പക്ഷേ എനിക്കത് അത് കിട്ടാന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. പക്ഷേ ഇവരെല്ലാവരും എന്നെ സഹായിച്ചിട്ടുണ്ട്.

അച്ഛന്‍ എപ്പോഴും പറയും കോമഡി ഒരിക്കലും ഒരു സോളോ പെര്‍ഫോമന്‍സല്ല എന്ന്. ഇതിനൊരു റിഥമുണ്ട്. ആ റിഥം കാണുന്ന എല്ലാവരുടെയും എനര്‍ജിയെയും ആശ്രയിച്ച് ഇരിക്കും. അതൊരു കളക്റ്റീവ് കെമിസ്ട്രിയാണ്. ഞാന്‍ അതില്‍ നല്ല ഭാഗ്യവതിയാണ്. കാരണം ചുറ്റുമുള്ള എല്ലാവരും  ബ്രില്ല്യന്റ്  ആക്ടേഴ്‌സാണ്. അവരുടെ ടൈമിങ്ങൊക്കെ അപാരമാണ്. അവരുടെ ഒരു റിഥം പിടിച്ച് അതിന്റെ ഒരു ഭാഗമാകുകയാണ് ഞാന്‍ ചെയ്തത്,’ കല്യാണി പറയുന്നു.

ഓടും കുതിര ചാടും കുതിര

അല്‍ത്താഫ് സലിം രചനയും സംവിധാനവും നിര്‍വഹിച്ച് ഈ മാസം 29ന് ഓണം റിലീസായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. സിനിമയില്‍ കല്യാണി, ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്  എന്നിങ്ങനെ വന്‍താര നിര തന്നെ അണിനിരക്കുന്നുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളക്ക് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട് ഈ സിനിമക്ക്.

Content Highlight: Kalyani is responding to the question of whether it is difficult to do comedy