മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തും നോവലിസ്റ്റുമാണ് കലൂര്‍ ഡെന്നിസ്. 1979 ല്‍ അനുഭവങ്ങളേ നന്ദി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. തിരക്കഥ, കഥ, സംഭാഷണം എന്നിവയുള്‍പ്പെടെ നൂറിലധികം മലയാള സിനിമകളില്‍ കലൂര്‍ ഡെന്നീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടുത്ത സുഹൃത്തും സംവിധായകനുമായ കെ. മധുവിനെ കുറിച്ച് സംസാരിക്കുകയാണ് കലൂര്‍ ഡെന്നിസ്. സിനിമയിലെ പലരും ഓന്തിനെ പോലെ നിറം മാറുന്നവരാണെന്നും എന്നാല്‍ വന്ന വഴി മറക്കാത്ത ആളാണ് സംവിധായകന്‍ കെ. മധുവെന്നും കലൂര്‍ ഡെന്നിസ് പറയുന്നു. മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം മലരും കിളിയുമാണെന്നും അതിന്റെ തിരക്കഥാകൃത്ത് താനായിരുന്നുവെന്നും ഡെന്നിസ് പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്ന വഴികളും ഇന്നലെകളും മറക്കാത്ത അപൂര്‍വം ചില വ്യക്തിത്വങ്ങളുമുണ്ട്. അവരില്‍ ഒരാളാണ് കെ. മധു എന്നുപറയുന്നതാണ് എനിക്കിഷ്ടം
‘കരിയറിന്റെ തുടക്കത്തില്‍ ഓരോ പരീക്ഷണങ്ങളും കഷ്ടനഷ്ടങ്ങളും അനുഭവിച്ച് ഓരോരുത്തരും ഉയരത്തിലേക്കുള്ള പടികള്‍ ചവിട്ടി അങ്ങ് തുമ്പത്തെത്തുമ്പോള്‍ പെട്ടെന്ന് ഇക്കൂട്ടരുടെ സ്വഭാവം ഓന്തിനെപ്പോലെ മാറാറുണ്ട്. കടന്നുവന്ന വഴികളും ഇന്നലെകളുമൊക്കെ വിസ്മരിക്കാന്‍ എങ്ങനെ ഇവര്‍ക്ക് കഴിയുന്നുവെന്ന് പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്.
സിനിമാരംഗത്ത് ഇങ്ങനെയുള്ളവരാണ് കൂടുതലുള്ളതെങ്കിലും വന്ന വഴികളും ഇന്നലെകളും മറക്കാത്ത അപൂര്‍വം ചില വ്യക്തിത്വങ്ങളുമുണ്ട്. അവരില്‍ ഒരാളാണ് കെ. മധു എന്നുപറയുന്നതാണ് എനിക്കിഷ്ടം. താന്‍ സിനിമയിലേക്ക് വരുന്ന സമയത്ത് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ഒരു മടിയും ജാള്യവും മധുവിനില്ലെന്നുള്ളതിന്റെ ഒരു സാക്ഷ്യപത്രം ഞാനാണ്.
മധു സ്വതന്ത്ര സംവിധായകനായി ആദ്യം ചെയ്യുന്ന സിനിമ ജഗന്‍ പിക്ചേഴ്‌സ് അപ്പച്ചന്‍ നിര്‍മിച്ച് ഞാന്‍ തിരക്കഥ എഴുതിയ ‘മലരും കിളിയു’മാണ്. മധുവിനെ 1988ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യ’ എന്ന ചിത്രത്തിന്റെ പൂജാവേളയില്‍വെച്ചാണ് ആദ്യമായി കാണുന്നത്. അതില്‍ ജേസിയുടെ അസോസിയേറ്റ് ഡയറക്ടറാണ് മധു.
പിന്നീട് മലരും കിളിയുടെ ഡിസ്‌കഷനുവേണ്ടി എറണാകുളത്തെ മാതാ ടൂറിസ്റ്റുഹോം ഹോട്ടലില്‍ വന്നപ്പോഴാണ് വീണ്ടും കാണുന്നത്. പെട്ടെന്നുതന്നെ ഞങ്ങള്‍ തമ്മില്‍ സൗഹൃദത്തിലായി. മലരും കിളിയില്‍ മമ്മൂട്ടി, അംബിക, മേനക, സുധാചന്ദ്രന്‍, അടൂര്‍ഭാസി, ലാലു അലക്‌സ് തുടങ്ങിയവരാണ് അഭിനയിച്ചത്. ഷൂട്ടിങ് എറണാകുളത്തും മൂന്നാറിലും വെച്ചായിരുന്നു,’ കലൂര്‍ ഡെന്നിസ് പറയുന്നു.