മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തും നോവലിസ്റ്റുമാണ് കലൂര്‍ ഡെന്നിസ്. 1979 ല്‍ അനുഭവങ്ങളേ നന്ദി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. തിരക്കഥ, കഥ, സംഭാഷണം എന്നിവയുള്‍പ്പെടെ നൂറിലധികം മലയാള സിനിമകളില്‍ കലൂര്‍ ഡെന്നിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
താനും മമ്മൂട്ടിയും തമ്മിൽ ചെറിയൊരു പിണക്കം ഉണ്ടായിരുന്നെന്നും അതറിഞ്ഞ് ഒരു പത്രത്തിന്റെ ലേഖകൻ തന്നെ കാണാൻ വന്നുവെന്നും കലൂർ ഡെന്നിസ് പറയുന്നു. തന്നോട് ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞ ശേഷം താൻ പറയാത്ത പല കാര്യങ്ങളും എഴുതിയെന്നും അത് വിവാദമായെന്നും പല ആളുകളും തന്നെ വിളിച്ച് സംഭവത്തെക്കുറിച്ച് ചോദിച്ചെന്നും അദ്ദേഹം പറയുന്നു.
ഇന്റർവ്യൂ വന്ന ദിവസം സംവിധായകൻ കെ. മധുവിന്റെ വിവാഹമായിരുന്നെന്നും അവിടെ വെച്ച് മമ്മൂട്ടിയെ കണ്ടെന്നും അവിടെ വെച്ച് അദ്ദേഹം ‘കൊള്ളാം. തന്റെ ഇന്റർവ്യൂ നന്നായിരിക്കുന്നു. ക്യാരിയോൺ’ എന്നുപറഞ്ഞുവെന്നും ഡെന്നിസ് പറയുന്നു.
താൻ അതുകേട്ട് ചമ്മിപ്പോയെന്നും വേറെ ഏതെങ്കിലും നടൻമാർ ആയിരുന്നെങ്കിൽ ഇങ്ങനെ പെരുമാറാനുള്ള സന്മനസ് ഉണ്ടാകുമോ എന്ന് താൻ ചിന്തിച്ചെന്നും എന്നാൽ മമ്മൂട്ടി അങ്ങനെയൊന്നും പെരുമാറിയില്ലെന്നും കലൂർ ഡെന്നിസ് വ്യക്തമാക്കി.
‘ഞങ്ങളുടെ ഈ പിണക്കം എങ്ങനെയോ അറിഞ്ഞ്, ഇവിടുത്തെ ഒരു വലിയ പത്രത്തിന്റെ ലേഖകൻ എന്നെ കാണാൻ വന്നു. അയാൾ വളരെ സ്നേഹപൂർവം ഓരോ കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം ഞാൻ പറയാത്ത കാര്യങ്ങൾ വരെ സ്വയം ചമച്ചുണ്ടാക്കി അവരുടെ അടുത്ത സൺഡേ സപ്ലിമെന്റിൽ എന്റെ ഒരു ഫുൾപേജ് ഇന്റർവ്യ കൊടുത്തു. സംഭവം വിവാദമായി. ആ ഇന്റർവ്യൂ കണ്ട് എന്റെ സുഹൃത്തുക്കളും അഭ്യദയകാംക്ഷികളും എന്നെ വിളിച്ച് സംഗതിയുടെ നിജസ്ഥിതി അന്വേഷിക്കാൻ തുടങ്ങി.
ഇന്റർവ്യൂ വന്ന ദിവസം സംവിധായകൻ കെ. മധുവിന്റെ വിവാഹമായിരുന്നു. ഞാനും ജോഷിയും കൂടിയാണ് മാവേലിക്കരയിൽ കല്ല്യാണത്തിനു പോയത്, സദ്യ കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ എന്റെ തോളത്ത് ഒരു കൈവന്നു തട്ടി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എൻ്റെ പുറകിൽ മമ്മൂട്ടി നിൽക്കുന്നു. യാതൊരു ഭാവവ്യത്യാസവുമില്ലാതെ മമ്മൂട്ടി പറഞ്ഞു ‘കൊള്ളാം. തന്റെ ഇന്റർവ്യൂ നന്നായിരിക്കുന്നു. ക്യാരിയോൺ’ എന്ന്.
ഞാനതുകേട്ട് വല്ലാതെ ഒന്നു ചമ്മി. അവിടെയുണ്ടായിരുന്ന സിനിമാക്കാരെല്ലാവരും മമ്മൂട്ടി എൻ്റെ അടുത്തുവന്നു സംസാരിക്കുന്നതുകണ്ട് അത്ഭുതംകൂറി ഞങ്ങളെ നോക്കുകയായിരുന്നു. മമ്മൂട്ടി വേഗം തന്നെ വധൂവരൻമാരുടെ അടുത്തേയ്ക്ക് പോയി.
വേറെ ഏതെങ്കിലും ഒരു ചെറിയ നടനായിരുന്നെങ്കിൽ പോലും ഇങ്ങനെ പെരുമാറാനുള്ള സന്മനസ് ഉണ്ടാവുമോ എന്നാണ് ഞാനാദ്യം ചിന്തിച്ചത്. പക്ഷേ, മമ്മൂട്ടി അങ്ങനെയൊന്നും പെരുമാറിയില്ല,’ കലൂർ ഡെന്നിസ് പറയുന്നു.
Content Highlight: Kaloor Dennis Talking About Mammootty