ആദ്യം റോഷാക്, പിന്നെ ഭ്രമയുഗം, ഇപ്പോ ദേ കളങ്കാവലും... പോസ്റ്ററില്‍ തലയോട്ടി ഒളിപ്പിക്കുന്ന ബ്രില്യന്‍സ്
Malayalam Cinema
ആദ്യം റോഷാക്, പിന്നെ ഭ്രമയുഗം, ഇപ്പോ ദേ കളങ്കാവലും... പോസ്റ്ററില്‍ തലയോട്ടി ഒളിപ്പിക്കുന്ന ബ്രില്യന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th October 2025, 12:49 pm

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. വലിയൊരു ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം എന്നതിലുപരി മമ്മൂട്ടി എന്ന നടന്റെ ഇതുവരെ കാണാത്ത പ്രകടനമാകും കളങ്കാവലിലേതെന്ന് ഓരോ അപ്‌ഡേറ്റുകളും അടിവരയിടുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തിയതി കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

റിലീസ് ഡേറ്റ് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററാണ് സിനിമാപേജുകളില്‍ ചര്‍ച്ചയായിരിക്കുന്നത്. വിനായകനെയും മമ്മൂട്ടിയെയുമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ സൂക്ഷിച്ച് നോക്കിയാല്‍ ഇരുവരുടെയും ബാക്ക്ഗ്രൗണ്ടില്‍ തലയോട്ടിയുടെ രൂപം കാണാനാകും. ഒരുപാട് സ്ത്രീകളുടെ രൂപവും പോസ്റ്റിലുണ്ട്.

ഇന്ത്യയെ ഞെട്ടിച്ച സയനൈഡ് മോഹന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് കളങ്കാവല്‍ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സയനൈഡ് മോഹന്റെ കഥയോടൊപ്പം മറ്റ്ചില സംഭവങ്ങളും സിനിമയിലുണ്ടെന്ന് സംവിധായകന്‍ ജിതിന്‍ കെ. ജോസ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

സ്ത്രീകളെ പറ്റിച്ച് അവരെ ക്രൂരമായി കൊലപ്പെടുത്തുന്ന കഥാപാത്രമാകും മമ്മൂട്ടിയുടേതെന്ന് ആദ്യം മുതലേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുവരെ കാണാത്ത ഡെവിളിഷ് പെര്‍ഫോമന്‍സ് തന്നെ മമ്മൂട്ടിയില്‍ നിന്ന് പ്രതീക്ഷിക്കാമെന്നാണ് ആരാധകര്‍ കരുതുന്നത്. പുതിയ പോസ്റ്ററും ആ പ്രതീക്ഷക്ക് കൂടുതല്‍ ഉറപ്പ് നല്‍കുന്നു.

എന്നാല്‍ കളങ്കാവലിന്റെ പോസ്റ്ററിന് പിന്നാലെ ഇത്തരത്തില്‍ തലയോട്ടി ഒളിപ്പിച്ച പോസ്റ്ററുകള്‍ മമ്മൂട്ടിയുടെ സിനിമകളിലുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അവയെല്ലാം ഗംഭീര എക്‌സ്പീരിയന്‍സ് സമ്മാനിച്ച സിനിമകളാണെന്നും അതേ ലിസ്റ്റില്‍ കളങ്കാവലും ഇടം പിടിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കിലാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ട പോസ്റ്ററില്‍ മമ്മൂട്ടിയുടെ പിന്നിലെ വെളിച്ചം തലയോട്ടിയുടെ രൂപത്തില്‍ ഡിസൈന്‍ ചെയ്തതാണ്. ചിത്രത്തിലെ പ്രധാന രംഗത്തില്‍ മമ്മൂട്ടി തന്റെ സിഗരറ്റ് തലയോട്ടിയില്‍ കുത്തി കെടുത്തുന്ന പെര്‍ഫോമന്‍സിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ സിനിമാലോകം ഒരുപാട് ചര്‍ച്ച ചെയ്ത ഭ്രമയുഗത്തിലും ഇത്തരമൊരു പോസ്റ്ററുണ്ടായിരുന്നു. ചിത്രത്തിലെ മനയുടെ മുന്നില്‍ അര്‍ജുന്‍ അശോകന്‍ നില്‍ക്കുന്ന പോസ്റ്ററില്‍ തലയോട്ടിയുടെ രൂപത്തിലാണ് മനയെ കാണിച്ചിരിക്കുന്നത്. റിലീസിന് മുമ്പുള്ള പ്രതീക്ഷ കൂട്ടാന്‍ ഇത്തരം പോസ്റ്ററുകള്‍ സഹായിച്ചിരുന്നു.

ഇപ്പോഴിതാ കളങ്കാവലിലും അത്തരമൊരു പോസ്റ്റര്‍ വന്നത് പ്രതീക്ഷ ഇരട്ടിപ്പിച്ചിരിക്കുകയാണ്. മമ്മൂട്ടി വില്ലനും വിനായകന്‍ നായകനുമാകുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. രണ്ട് പവര്‍ഹൗസ് പെര്‍ഫോമര്‍മാര്‍ ഒന്നിക്കുമ്പോള്‍ മികച്ച സിനിമയില്‍ കുറഞ്ഞതൊന്നും സിനിമാലോകം പ്രതീക്ഷിക്കുന്നില്ല. നവംബര്‍ 27ന് കളങ്കാവല്‍ തിയേറ്ററുകളിലെത്തും.

Content Highlight: Kalamkaval movie poster brilliance discussing in social media