ഞങ്ങള്‍ വിശന്നിരിക്കുകയാണെന്ന് മനസിലാക്കിയാല്‍ ആ നടന്‍ 'മോനേ കഴിക്കാനെന്തെങ്കിലും വേണോ' എന്ന് ചോദിച്ച് വാങ്ങിത്തരും: കലാഭവന്‍ ഷാജോണ്‍
Entertainment
ഞങ്ങള്‍ വിശന്നിരിക്കുകയാണെന്ന് മനസിലാക്കിയാല്‍ ആ നടന്‍ 'മോനേ കഴിക്കാനെന്തെങ്കിലും വേണോ' എന്ന് ചോദിച്ച് വാങ്ങിത്തരും: കലാഭവന്‍ ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th May 2025, 1:00 pm

കലാഭവന്‍ മണിയുമായുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് കലാഭവന്‍ ഷാജോണ്‍. കലാഭവന്‍ മണിയോടൊപ്പം രണ്ടുമൂന്ന് സിനിമകളില്‍ മാത്രമാണ് അഭിനയിക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്നും എന്നാല്‍ കുറച്ച് വിദേശയാത്രകള്‍ അദ്ദേഹത്തോടൊപ്പം ചെയ്യാനുള്ള അവസരമുണ്ടായിട്ടുണ്ടെന്ന് ഷാജോണ്‍ പറയുന്നു.

എയര്‍പോര്‍ട്ടിലൊക്കെ പോയാല്‍ ഭക്ഷണത്തിനും വെള്ളത്തിനുമൊക്കെ നല്ല പൈസയാണെന്നും അപ്പോള്‍ തങ്ങള്‍ക്ക് വിശക്കുന്നുണ്ടെന്ന് മനസിലാക്കി കലാഭവന്‍ മണി ആഹാരം വാങ്ങിത്തരുമായിരുന്നുവെന്നും ഷാജോണ്‍ പറഞ്ഞു. ട്രിപ്പ് കഴിഞ്ഞ് വരുമ്പോള്‍ കൂടെപോയ എല്ലാവര്ക്കും അദ്ദേഹം സ്വര്‍ണ മോതിരം വാങ്ങിത്തരുമായിരുന്നുവെന്നും കലാഭവന്‍ ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.

‘മണി ചേട്ടനൊപ്പം രണ്ടുമൂന്ന് സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യമേ എനിക്ക് കിട്ടിയിട്ടുള്ളൂ. അതിലുപരി രണ്ടുമൂന്ന് തവണ മണിച്ചേട്ടനൊപ്പം വിദേശയാത്രകള്‍ ചെയ്യാനവസരം ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അമേരിക്ക, ഓസ്‌ട്രേലിയ എന്നീ സ്ഥലങ്ങളിലൊക്കെ മണിച്ചേട്ടനൊപ്പം പോകാന്‍ പറ്റിയിരുന്നു. അപ്പോഴൊക്കെയാണ് കലാഭവന്‍ മണി എന്ന കലാകാരനെയും മനുഷ്യനെയും അടുത്തറിയാന്‍ കഴിഞ്ഞത്.

ആ ഗ്രൂപ്പിലുള്ള മറ്റു പല നടന്മാരും പലപ്പോഴും മിമിക്രിക്കാരുമായി വലിയ സൗഹൃദത്തില്‍ അല്ലാതിരിക്കുമ്പോഴും മണിച്ചേട്ടന്‍ എന്നു പറയുന്നൊരാള് ഫുള്‍ടൈം ഞങ്ങള്‍ക്കൊപ്പമായിരിക്കും. ഞാന്‍, കലാഭവന്‍ പ്രജോദ്, ഹരിശ്രീ യൂസഫ്, ധര്‍മജന്‍ ബോള്‍ഗാട്ടി. അങ്ങനെ ഞങ്ങള്‍ കുറച്ചു കലാകാരന്മാരാണ് മണിച്ചേട്ടനൊപ്പം ഉണ്ടാവാറുള്ളത്.

അന്ന് വേണമെങ്കില്‍ മണിച്ചേട്ടന് പ്രധാനപ്പെട്ട മറ്റ് നടന്മാര്‍ക്കൊപ്പം നടക്കാം. അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാം. പക്ഷേ, അദ്ദേഹം നടക്കുന്നതും കിടന്നുറങ്ങുന്നതുമെല്ലാം ഞങ്ങള്‍ക്കൊപ്പമായിരിക്കും. എന്നെയും പ്രജോദിനെയും ധര്‍മജനെയും കെട്ടിപ്പിടിച്ചായിരിക്കും കിടക്കുക. മണിച്ചേട്ടന് പ്രത്യേകം ഒരു മുറിയുണ്ടെങ്കിലും ഫ്രഷ് ആവാന്‍ വേണ്ടിമാത്രമായിരിക്കും അവിടേക്ക് പോവുക.

എയര്‍പോര്‍ട്ടിലൊക്കെ പോയാല്‍ ഭക്ഷണത്തിനും വെള്ളത്തിനുമൊക്കെ എന്ത് പൈസയാവുമെന്ന് നമുക്കറിയാം. പക്ഷേ, ഞങ്ങള്‍ വിശന്നിരിക്കുകയാണെന്ന് മനസിലാക്കിയാല്‍, ‘മോനേ, കഴിക്കാനെന്തെങ്കിലും വേണോ, കുടിക്കാനെന്തെങ്കിലും വേണോ’ എന്ന് ചോദിച്ച് ഞങ്ങള്‍ക്കെന്തെങ്കിലുമൊക്കെ വാങ്ങിച്ചുതരും.

ട്രിപ്പ് കഴിഞ്ഞ് ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങുമ്പോള്‍ മാനേജന്‍ ജോബി മണിച്ചേട്ടനെ വിളിക്കാന്‍ വന്നിട്ടുണ്ടാവും. ഞങ്ങളെ കെട്ടിപ്പിടിച്ച് യാത്ര പറയുംമുമ്പ് ജോബിയെ വിളിക്കും. ‘ജോബി, അതിങ്ങുതാടാ’ എന്ന് പറയും. അപ്പോള്‍ അദ്ദേഹം കുറച്ച് പാക്കറ്റ് മണിച്ചേട്ടന് കൊടുക്കും.
ആ ഓരോ പാക്കറ്റും ഞങ്ങള്‍ തരും. അത് തുറന്നുനോക്കുമ്പോള്‍ സ്വര്‍ണമോതിരമായിരിക്കും.

അങ്ങനെ എനിക്കും പ്രജോദിനും ധര്‍മജനുമൊക്കെ മണിച്ചേട്ടന്റെ വക സ്വര്‍ണമോതിരം കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരുപാട് സ്‌നേഹം തന്നിട്ടുള്ളയാളാണ് മണിച്ചേട്ടന്‍. ഇന്നും ഏത് വേദിയില്‍ ചെന്നാലും എവിടെ പോയാലും മണിച്ചേട്ടനെക്കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ല. അത്രയധികം എന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് അദ്ദേഹം,’ കലാഭവന്‍ ഷാജോണ്‍ പറയുന്നു.

Content Highlight: Kalabhavan Shajon Talks About Kalabhavan Mani