തിരക്കഥ വായിച്ചപ്പോൾ അറിഞ്ഞില്ല ഈ ക്ലൈമാക്സ് , കുറ്റക്കാരൻ ആരാണ് എന്നത് ഒരു ഡയറക്ടർ ബ്രില്ല്യൻസാണ്: ഷാജോൺ
Entertainment
തിരക്കഥ വായിച്ചപ്പോൾ അറിഞ്ഞില്ല ഈ ക്ലൈമാക്സ് , കുറ്റക്കാരൻ ആരാണ് എന്നത് ഒരു ഡയറക്ടർ ബ്രില്ല്യൻസാണ്: ഷാജോൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th May 2024, 9:19 am

നവാഗതനായ ആനന്ദ് ഏകർഷിയുടെ സംവിധാനത്തിൽ ഈ വർഷമിറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ആട്ടം. വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, സറിൻ ഷിഹാബ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാള സിനിമ അധികം പരീക്ഷിച്ചിട്ടില്ലാത്ത രീതിയിലുള്ള ഒരു ചിത്രമായിരുന്നു.

താൻ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഏറ്റവും കംഫർട്ടബിൾ എന്ന് വിശ്വസിച്ചിരുന്ന ഇടത്ത് നിന്ന് ഒരു പെൺകുട്ടിയ്‌ക്ക് മോശമനുഭവം നേരിടേണ്ടി വരുന്നതും അതാരാണ് ചെയ്തതെന്ന് അറിയാൻ ഒരു നാടക ട്രൂപ്പ് ശ്രമിക്കുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം. ത്രില്ലിങ്ങായി കഥ പറയുന്ന ആട്ടം ആരാണ് കുറ്റക്കാരൻ എന്ന് പറയാതെയാണ് അവസാനിക്കുന്നത്.

ചിത്രത്തിൽ അഭിനയിച്ച തനിക്ക് പോലും അതാരാണെന്ന് അറിയില്ലെന്ന് നടൻ കലാഭവൻ ഷാജോൺ പറയുന്നു. ഒരുപാട് പ്രേക്ഷകർ അതിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെന്നും. എന്നാൽ അതൊരു ഡയറക്ടർ ബ്രില്ല്യൻസാണെന്നും ഷാജോൺ പറയുന്നു.

‘ശരിക്കും ആ കഥാപാത്രത്തോട് മോശമായി പെരുമാറിയത് ആരാണെന്ന് എനിക്കും അറിയില്ല. ഞാൻ ആനന്ദിനോട് ചോദിച്ചിട്ട് പറയുന്നുമില്ല.

പക്ഷെ അത് തിയേറ്ററിൽ കണ്ടപ്പോൾ എനിക്ക് പോലും അത്ഭുതമായിരുന്നു. എനിക്കും തോന്നി അത് ആരാണെന്ന് ഒന്ന് അറിഞ്ഞിരുന്നെങ്കില്ലെന്ന്. എന്നോട് എത്ര പേർ അതിനെ കുറിച്ച് പറഞ്ഞെന്ന് അറിയുമോ.

നിങ്ങൾ എന്തുകൊണ്ട് അത് കാണിച്ചില്ല. എന്നാൽ അല്ലേ അറിയുകയുള്ളൂവെന്ന് ഒരുപാടാളുകൾ ചോദിച്ചു. ഞാൻ അവരോട് പറഞ്ഞത്, ഈ സിനിമ ഇങ്ങനെയാണ്. അതാണ് ആ സംവിധായകന്റെ ബ്രില്ല്യൻസ്,’ കലാഭവൻ ഷാജോൺ പറയുന്നു.

തിരക്കഥ വായിച്ചിട്ടുണ്ടെങ്കിലും സിനിമ ഇങ്ങനെയാണ് അവസാനിക്കുകയെന്ന് താൻ അറിഞ്ഞില്ലെന്നും താരം പറഞ്ഞു.

‘എന്നോട് പലരും അതിനെ കുറിച്ച് ചോദിച്ചിട്ടുണ്ട്. ഞാൻ അതിന്റെ തിരക്കഥയൊക്കെ വായിച്ചിട്ടുണ്ടെങ്കിലും സിനിമ കണ്ടപ്പോഴാണ് ഇത് ഇങ്ങനെയാണ് ചെന്ന് നിർത്തുന്നതെന്ന് അറിയുന്നത്. ആനന്ദ് എന്നോട് പറഞ്ഞിട്ടുണ്ട്, ചേട്ടാ ആരാണ് ആളെന്ന് നമ്മൾ ലാസ്റ്റും പറയുന്നില്ല. മുഖംമുടി അഴിക്കാൻ പോവുമ്പോഴും വേണ്ടാ എന്നാണ് പറയുന്നത്,’ഷാജോൺ പറഞ്ഞു.

Content Highlight: Kalabavan Shajon Talk About Director Brilliance Of Attam Movie