മോഹന്‍ലാലിനോടോ മമ്മൂട്ടിയോടോ ഞാന്‍ ഒന്നു പറഞ്ഞാല്‍ അവനൊരു അവസരം കൊടുക്കും, പക്ഷേ കാര്യമില്ല; കൈതപ്രം
Entertainment
മോഹന്‍ലാലിനോടോ മമ്മൂട്ടിയോടോ ഞാന്‍ ഒന്നു പറഞ്ഞാല്‍ അവനൊരു അവസരം കൊടുക്കും, പക്ഷേ കാര്യമില്ല; കൈതപ്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th February 2021, 4:14 pm

തന്റെ പിന്‍ഗാമിയായി പാട്ടിന്റെ രംഗത്തേക്ക് വന്ന മകനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ കൈതപ്രം.

തന്റെ രണ്ടു മക്കളില്‍ ദീപുവാണ് സംഗീതത്തിന്റെ വഴിയിലേക്ക് വന്നതെന്നും എന്നാല്‍ തന്റെ പേരു പറഞ്ഞ് മകന്‍ എവിടെയും അവസരം ചോദിച്ചിട്ടില്ലെന്നും കൈതപ്രം പറയുന്നു.

പേരിന്റെ കൂടെ പോലും മകന്‍ കൈതപ്രം എന്ന് വെച്ചിട്ടില്ലെന്നും ദീപാങ്കുരന്‍ കണ്ണാടി എന്നാണ് അവന്റെ പേരെന്നും അദ്ദേഹം പറഞ്ഞു.

സത്യന്‍ അന്തിക്കാടിനോടോ മോഹന്‍ലാലിനോടോ മമ്മൂട്ടിയോടോ ഞാനൊന്ന് പറഞ്ഞാല്‍ അവനൊരു അവസരം കൊടുക്കും. എന്നാല്‍ അങ്ങനെ അവസരം കിട്ടിയിട്ട് കാര്യമില്ല. സാമ്പത്തികമായി രക്ഷപ്പെട്ടേക്കാം. അല്ലാതെ മറ്റൊന്നുമാകില്ല. ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം സാമ്പത്തികബുദ്ധിമുട്ട് മക്കള്‍ക്കുണ്ടാകില്ല. കൈതപ്രം പറഞ്ഞു.

തന്റെ രണ്ടാമത്തെ മകനായ ദേവദര്‍ശന്‍ ദുബായില്‍ ഡോക്ടറാണെന്നും രണ്ടുമക്കളും കരിയറില്‍ മികച്ച അടയാളപ്പെടുത്തലുകള്‍ ഉണ്ടാക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കൈതപ്രം അഭിമുഖത്തില്‍ പറയുന്നു.

തന്റെ പാട്ടുകളെക്കുറിച്ചുള്ള വിശേഷങ്ങളും കൈതപ്രം അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

താന്‍ വരിയെഴുതിയ പാട്ടുകളിലെ ആദ്യവരി മനോഹരമാണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നാണ് കൈതപ്രം പറഞ്ഞത്.

ദേവദുന്ദുഭി എന്ന പാട്ട് കേട്ടിട്ടാണ് ദുന്ദുഭി എന്ന വാക്ക് ഉപയോഗിച്ച് ഒ.എന്‍.വി മാഷിനോട് വൈശാലിയില്‍ പാട്ടെഴുതാന്‍ ഭരതേട്ടന്‍ പറഞ്ഞത്. ദേവദുന്ദുഭിതന്‍ വര്‍ഷ മങ്കള ഘോഷം എന്ന പാട്ടുണ്ടാവുന്നത് അങ്ങനെയാണ്,’ കൈതപ്രം കൂട്ടിച്ചേര്‍ത്തു.

Content Highlight: Kaithapram shares experience about his son