മിന്നല്‍വള കയ്യിലിട്ട പെണ്ണഴകേ എന്നായിരുന്നില്ല, തന്ന റഫറന്‍സ് ഇതായിരുന്നു: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
Entertainment
മിന്നല്‍വള കയ്യിലിട്ട പെണ്ണഴകേ എന്നായിരുന്നില്ല, തന്ന റഫറന്‍സ് ഇതായിരുന്നു: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 11:46 am

സോഷ്യല്‍ മീഡിയകളിലും റീലുകളിലുമൊക്കെ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് നരിവേട്ട എന്ന ചിത്രത്തിലെ മിന്നല്‍വള എന്ന് തുടങ്ങുന്ന ഗാനം.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം ചെയ്തിരിക്കുന്നത് ജേക്ക്ബ് ബിജോയ് ആണ്. ഇന്നത്തെ യുവാക്കളുടെ പള്‍സ് അറിഞ്ഞ് ചെയ്ത ഗാനമായി മിന്നല്‍വള ഇതിനോടകം മാറിക്കഴിഞ്ഞു.

മിന്നല്‍വള കയ്യിലിട്ട പെണ്ണഴകേ എന്ന വരികള്‍ എഴുതിയതിനെ കുറിച്ചും പാട്ടിനായി തന്ന റഫറന്‍സിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ കൈതപ്രം.

‘ അനുരാജ് എന്റെ സുഹൃത്തിന്റെ മകനാണ്. ഞങ്ങള്‍ തമ്മില്‍ നേരത്തെ പരിചയമൊന്നും ഇല്ല. പക്ഷേ അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ എന്റെ ഒരു സുഹൃത്തിന്റെ മകനാണ് അദ്ദേഹമെന്ന് എനിക്ക് മനസിലായി.

കുട്ടിക്കാലത്ത് വായന ശാലയില്‍ വെച്ചൊക്കെ കണ്ടുമുട്ടിയിരുന്ന മനോഹരന്‍ എന്ന എന്റെ സുഹൃത്തിന്റെ മകന്‍. ഞാന്‍ നാടുവിട്ട പോലെ തന്നെ മനോഹരനും നാടുവിട്ടിരുന്നു. കുട്ടികളൊക്കെ വേറെ എവിടെയോ ആണ് വളര്‍ന്നതൊക്കെ. പക്ഷേ കൈതപ്രംകാരായാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്.

ഈ പാട്ട് ഇറങ്ങിയ ശേഷം 75 വയസുള്ള യുവാവ് എന്ന് എന്നെ കുറിച്ച് ചിലരൊക്കെ പറഞ്ഞു. യുവത്വം എന്നത് നമ്മളില്‍ നിന്ന് പോകില്ല. ഞാന്‍ അതാത് തലമുറകള്‍ക്ക് വേണ്ടി പാട്ട് എഴുതിയിട്ടുണ്ട്. പ്രമദവനം എഴുതിയ ഞാന്‍ തന്നെ ലജ്ജാവതി എഴുതിയിട്ടുണ്ട്. കറുപ്പിനഴക് എഴുതിയിട്ടുണ്ട്.

മനസുകൊണ്ട് നമ്മള്‍ എല്ലായ്‌പ്പോഴും യുവത്വമാണ്. വയസായിട്ടില്ല. ഇപ്പോഴും അതെ. എന്റെ മനസ് അങ്ങനെയാണ്. സ്‌നേഹം കൊണ്ടും എന്റെ അഭിലാഷങ്ങള്‍ കൊണ്ടും ഇച്ഛ കൊണ്ടുമൊക്കെ അതിനെ മറികടക്കുകയാണ്. രോഗത്തേയുമൊക്കെ മറികടക്കുന്നത് ഇച്ഛാ ശക്തികൊണ്ടാണ്.

അനുരാജ് ആദ്യം എന്നോട് പറഞ്ഞത് ഒരു ക്രിസ്ത്യന്‍ ബാക്ക് ഗ്രൗണ്ടില്‍ ഉള്ള പാട്ട് എന്നായിരുന്നു. ഞാന്‍ ആ രീതിയില് തുടങ്ങി. പിന്നെ മ്യൂസിക് ഡയറക്ടറും ഇദ്ദേഹവുമായി എന്നോട് സംസാരിച്ചു.

അതിന് ശേഷമാണ് ഈ സംഭവം വന്നത്. ഇതായിരുന്നു അവരും ആഗ്രഹിച്ചത്. എത്ര തവണ മാറ്റുന്നതിലും എനിക്ക് പ്രശ്‌നമില്ല. ഒരു ഈഗോയുമില്ല.

ആ കുട്ടികളുടെ കൂടെ ഞാന്‍ നില്‍ക്കും. എന്റെ സുഹൃത്തിന്റെ മകനാണ്. അത്രയും പ്രായം ഇറങ്ങി വന്ന് ഞാന്‍ അവരുടെയൊപ്പം നില്‍ക്കും. ഈഗോയൊന്നും അവിടെ വരുന്നേയില്ല.

ഞാനെഴുതിയ ഒരു സാധനം പിടിക്കാനല്ല അവര്‍ നില്‍ക്കുന്നത്. അവര്‍ക്ക് വേണ്ടത് എടുക്കാനാണ്. അതിന് ഞാന്‍ തയ്യാറാണ്. തയ്യാറല്ലെങ്കില്‍ ഞാന്‍ അതിന് പോകരുത്. ആ പണി വേണ്ട എന്ന് വെച്ചാല്‍ മതി.

‘മിന്നല്‍വള കയ്യിലിട്ട പെണ്ണഴകേ, എത്തിത്തൊടാന്‍ എത്തുകില്ല മാരിവില്ലാണു നീ’ ..ഇത് നമുക്ക് സാധാരണ പറയാവുന്ന കാര്യമാണ്. എന്നാല്‍ പറയാത്തതുമാണ്.

വരികളില്‍ എപ്പോഴും ആ കണക്ഷന്‍ വേണം. ഇല്ലെങ്കില്‍ അര്‍ത്ഥമില്ല. കഷണമായി വരികള്‍ എഴുതിയിട്ട് കാര്യമില്ല. ആ സംഗീതത്തിനൊപ്പമാണ് ഞാന്‍ ഒഴുകുന്നത്. അതില്‍ എനിക്ക് പ്രയാസമില്ല.

സലീല്‍ ചൗധരി, ബോംബെ രവി, ജോണ്‍സണ്‍ മാഷ് തുടങ്ങി ജേക്ക്‌സ് ബിജോയിയില്‍ എത്തി നില്‍ക്കുമ്പോഴും എനിക്ക് ഒരു പ്രയാസവുമില്ല. സലീല്‍ ചൗധരിയോട് തോന്നുന്ന അതേ ഇമോഷനാണ് ഇവരോടും തോന്നുക.

എന്താണോ അവരുടെ ആവശ്യം അതാണ് ഞാന്‍ കൊടുക്കേണ്ടത്. സിനിമയ്ക്ക് എന്താണോ ആവശ്യം എന്നതാണ്. അല്ലെങ്കില്‍ എന്റെ കവിതകള്‍ കൊടുത്താല്‍ മതിയല്ലോ. അതില്‍ ഏറ്റവും പുതിയ ആശയങ്ങളും സങ്കല്‍പ്പങ്ങളുമൊക്കെ എഴുതുക എന്നതാണ്.

ഒരിക്കലും മനസില്‍ വരാത്ത ഒരു വാക്ക് പാട്ടിന്റെ തുടക്കത്തില്‍ കൊണ്ടുവരിക എന്നൊന്നുണ്ട്. മലയാള സിനിമയില്‍ ഞാനാണ് ദേവധുംധുഭി എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്.

അതുപോലെ പ്രമദവനം, കണ്ണീര്‍പ്പൂവ്, തങ്കത്തോണി എല്ലാ പാട്ടിലും എന്തെങ്കിലും ഒരു പ്രത്യേകത ഉണ്ടാകും. അതുപോലെയാണ് മിന്നല്‍വള.

അങ്ങനെയൊരു വാക്ക് ആരും ആലോചിക്കില്ല. മിന്നല്‍വള എന്നത് ഏറ്റവും സ്‌ട്രൈക്കിങ് ആണ്. ഇതൊക്കെ പെട്ടെന്ന് വരുന്നതാണ്,’ കൈതപ്രം പറഞ്ഞു.

Content Highlight: kaithapram Damodaran Namboothiri about Minnalvala Song and Reference