സോഷ്യല്‍ മീഡിയകളിലും റീലുകളിലുമൊക്കെ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് നരിവേട്ട എന്ന ചിത്രത്തിലെ മിന്നല്‍വള എന്ന് തുടങ്ങുന്ന ഗാനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം ചെയ്തിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്.
ഇന്നത്തെ യുവാക്കളുടെ പള്‍സ് അറിഞ്ഞ് ചെയ്ത ഗാനമായി മിന്നല്‍വള ഇതിനോടകം മാറിക്കഴിഞ്ഞു. കേരളക്കരയില്‍ ട്രെന്‍ഡിങ്ങായ ആ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ കൈതപ്രം ദാമോദരന്‍.
മിന്നല്‍വള എന്ന ഗാനവും അതിന്റെ വരികളുമെല്ലാം ശ്രദ്ധിക്കപ്പെടുന്നു എന്നുള്ളത് സന്തോഷകരമായ കാര്യമാണെന്ന് കൈതപ്രം പറയുന്നു. വരികള്‍ ഏറ്റുപാടുന്ന പുതിയ തലമുറക്ക് അറിയാത്ത ഒരു കാര്യമുണ്ടെന്നും വാസ്തവത്തില്‍ മിന്നല്‍വള എന്ന സങ്കല്‍പ്പം തന്റേതല്ലെന്നും അദ്ദേഹം പറയുന്നു. രഘുവംശ മഹാകാവ്യത്തില്‍ കാളിദാസന്‍ പരാമര്‍ശിക്കുന്ന ഒരു ബിംബകല്‍പനയാണ് അതെന്നും
രാവണന്‍ സീതാദേവിയെ പുഷ്പക വിമാനത്തില്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ സീതാദേവി നിസ്സഹായായി കൈകള്‍ പുറത്തേക്കിട്ടു നിലവിളിച്ചെന്നും അപ്പോള്‍ ആകാശത്തെ ഇടിമിന്നലുകള്‍ ആ കൈകളില്‍ വളകളണിയിച്ചെന്നും കാളിദാസന്‍ എഴുതിയിട്ടുണ്ടെന്നും കൈതപ്രം പറഞ്ഞു. ആ ഭാവനയെ ഈ പ്രണയത്തിലേക്ക് ചേര്‍ത്തുവെക്കുകയായിരുന്നു താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു കൈതപ്രം.
‘സന്തോഷമുണ്ട്. പക്ഷേ ആ വരികള്‍ ഏറ്റുപാടി നടക്കുന്ന പുതിയ തലമുറയിലെ കുട്ടികള്‍ക്ക് അറിയാത്തൊരു കാര്യമുണ്ട്. സത്യത്തില്‍ മിന്നല്‍വള എന്ന ആ സങ്കല്‍പം എന്റേതല്ല. കാളിദാസന്‍ രഘുവംശ മഹാ കാവ്യത്തില്‍ പരാമര്‍ശിക്കുന്ന ബിംബകല്‍പനയാണത്.രാവണന്‍ സീതാദേവിയെ പുഷ്പക വിമാനത്തില്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ സീതാദേവി നിസ്സഹായയായി കൈകള്‍ പുറത്തേക്കിട്ടു നിലവിളിച്ചെന്നും അപ്പോള്‍ ആകാശത്തെ ഇടിമിന്നലുകള്‍ ആ കൈകളില്‍ വളകളണിയിച്ചെന്നും കാളിദാസന്‍ എഴുതിയിട്ടുണ്ട്.
ആ ഭാവനയെ ഈ പാട്ടിലെ പ്രണയത്തിലേക്കു ചേര്‍ത്തുവയ്ക്കുകയായിരുന്നു ഞാന്‍. പാട്ടെഴുതുന്നവര്‍ക്ക് നമ്മുടെ ക്ലാസിക്കുകളിലുള്‍പ്പെടെയുള്ള അറിവ് നല്ലതാണ്. അപ്പോഴാണ് ഇതുപോലെ സന്ദര്‍ഭത്തിനനുസരിച്ച് നല്ല കാവ്യഭംഗിയുള്ള പ്രയോഗങ്ങള്‍ വരികളില്‍ കൊണ്ടുവരാന്‍ കഴിയൂ,’ കൈതപ്രം ദാമോദരന്‍ പറഞ്ഞു.
Content highlight: Kaithapram Damodaran about ‘Minnalvala’ song from Narivetta