അപ്രതീക്ഷിത സാഹചര്യങ്ങള്‍; കടുവ റിലീസ് ഡേറ്റ് മാറ്റി
Film News
അപ്രതീക്ഷിത സാഹചര്യങ്ങള്‍; കടുവ റിലീസ് ഡേറ്റ് മാറ്റി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th June 2022, 7:44 pm

പൃഥ്വിരാജ് സുകുമാരന്‍, വിവേക് ഒബ്രോയ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന കടുവ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി. ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ജൂണ്‍ 30നായിരുന്നു കടുവ റിലീസ് ചെയ്യേണ്ടിയിരുന്നത്.

വലിയ സ്വപ്നങ്ങള്‍, വലിയ തടസ്സങ്ങള്‍. ശത്രുക്കളെക്കാള്‍ ശക്തം, വലിയ പോരാട്ടം. ചില അപ്രതീക്ഷിതമായ കാരണങ്ങള്‍ നിമിത്തം കടുവ ഒരാഴ്ചത്തേക്ക് നീട്ടി വെച്ചിരിക്കുന്നു. ഇനി 07/07/ 2022ല്‍ റിലീസ് ചെയ്യും.

ഷെഡ്യൂള്‍ ചെയ്ത പ്രകാരം ഞങ്ങള്‍ എല്ലാ പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങളും തുടരും. ഈ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറിനുള്ള നിങ്ങളുടെ എല്ലാ സ്‌നേഹത്തിലും പിന്തുണയിലും വിശ്വസിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റര്‍ ഉടമകളോടും ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു,’ പൃഥ്വിരാജ് കുറിച്ചു.

കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം.

ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിവേക് ഒബ്രോയ് ചിത്രത്തില്‍ വില്ലനായ ഡി.ഐ.ജിയെ അവതരിപ്പിക്കുന്നു. ജേക്ക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlight: kaduva movie release date postponed to july 7