രക്ഷാപ്രവര്‍ത്തനത്തിനിടെ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി; അടിഞ്ഞുകൂടിയത് നാല് മീറ്ററോളം മണ്ണ്; രക്ഷാപ്രവര്‍ത്തനം തുടരുന്നു
Heavy Rain
രക്ഷാപ്രവര്‍ത്തനത്തിനിടെ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി; അടിഞ്ഞുകൂടിയത് നാല് മീറ്ററോളം മണ്ണ്; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ന്യൂസ് ഡെസ്‌ക്
Saturday, 10th August 2019, 12:06 pm

മലപ്പുറം: ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടി. ആദ്യം ഉരുള്‍പൊട്ടിയ പ്രദേശത്താണ് വീണ്ടും ഉരുള്‍പൊട്ടല്‍. ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഉരുള്‍പ്പൊട്ടിയിടത്ത് വീണ്ടും മണ്ണ് ഇടിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരിക്കുകയാണ്.

നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം കവളപ്പാറയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ അമ്പതോളം വീടുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. പ്രദേശത്ത് 50 നും 100 നും ഇടയില്‍ ആളുകളെ കാണാതായതായിരുന്നു. മലയിടിഞ്ഞ് ഭൂദാനം കോളനിക്കു മുകളിലേക്കു പതിക്കുകയായിരുന്നു. കുറേപ്പേരെ നാട്ടുകാര്‍ രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇനിയും കുറേപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടൊണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച നടന്ന അപകടം വെള്ളിയാഴ്ച വൈകിമാത്രമാണ് പുറംലോകമറിഞ്ഞത്. വൈകിട്ടോടെ ഒരു മണ്ണുമാന്തി യന്ത്രം മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞത്. മോശം കാലാവസ്ഥയും പ്രദേശത്തേക്ക് എത്തിപ്പെടാന്‍ കഴിയാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുകയാണ്. പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദുരന്ത നിവാരണ സേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

കരിമ്പുഴപ്പാലം മഴയില്‍ തെന്നിമാറിയതോടെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനും ബുദ്ധിമുട്ടാവുകയാണ്.

വീടുകളുടെ മേല്‍ക്കൂരപോലും കാണാന്‍ കഴിയാത്തവിധം മണ്ണും മരങ്ങളും പാറകളും മൂടിക്കിടക്കുകയാണ്. നാട്ടുകാര്‍ ഇന്നലെ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരാളുടെ തല മാത്രമാണ് കണ്ടെത്താനായത്. ശരീരത്തിന്റെ ബാക്കി ഭാഗം മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണെന്ന് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവര്‍ പറഞ്ഞു.

കവളപ്പാറയിലെ ദുരന്തത്തിന്റെ വ്യാപ്തി കേരളം ഇന്നുവരെ കണ്ടിട്ടുള്ളതിനെക്കാള്‍ വലുതായിരിക്കുമൊണ് പ്രദേശത്തുനിന്നുള്ള ആകാശ ദൃശ്യങ്ങളടക്കം സൂചിപ്പിക്കുന്നത്. അറുപതോളം കുടുംബങ്ങള്‍ കൂട്ടമായി താമസിച്ചിരുന്നിടത്തേക്ക് സെക്കന്‍ഡുകള്‍ക്കുള്ളില്‍ മല ഒന്നാകെ ഇടിഞ്ഞ് വീഴുകയായിരുന്നു. ഉരുള്‍പ്പൊട്ടലില്‍നിന്നും ഓടി മാറാന്‍ പോലുമുള്ള സാഹചര്യമില്ലായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.

‘ഇവിടെ ഒരുപാട് പരിചയക്കാരുണ്ടായിരുന്നു. ആരുടെയും ഒരു വിവരവുമില്ല. എന്റെ ഒരുപാട് കൂട്ടുകാരുണ്ടായിരുന്ന സ്ഥലമാണിത്. അവരെ ആരെയും കാണാനില്ല. ഇനി കാണാന്‍ പറ്റില്ലെന്ന് തോന്നുന്നു. അമ്പലവും വീടുകളുമെല്ലാം പോയി. എന്തൊക്കെയാണ് ബാക്കിയുണ്ടാവുക എത് ഇവിടം കണ്ടിട്ട് മനസിലാവന്നില്ല. ജനങ്ങളെല്ലാം വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. കണ്ടുനില്‍ക്കുവര്‍ക്കുപോലും ഞെട്ടല്‍ അവസാനിക്കുന്നില്ല’, രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരിലൊരാള്‍ പറയുന്നു.

മൂന്നും നാലും മീറ്റര്‍ ഉയരത്തില്‍ വരെ മണ്ണടിഞ്ഞു പോയ അവസ്ഥയിലാണ് കവളപ്പാറ. മണ്ണിന് അകത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താന്‍ കഴിയുന്ന കാര്യം സംശയത്തിലാണെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ പറയുന്നു.

പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായേക്കുമെന്ന് ജാഗ്രതാ നിര്‍ദ്ദേശമുണ്ടായിരുന്നു. ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഒരുപാട് പേര്‍ സ്ഥലത്തുനിന്നും മാറിയിരുന്നു. ബാക്കിയുള്ളവര്‍ വരുംദിവസങ്ങളില്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

ദുരന്തത്തില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ജയന്‍ പറയുന്നതിങ്ങനെ,’മണ്ണിടിഞ്ഞും വെള്ളം കയറിയും ഒറ്റപ്പെട്ട പ്രദേശത്തെ ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വലിയ സ്‌ഫോടന ശബ്ദത്തോടെ ഉരുള്‍പൊട്ടി മല താഴേക്ക് ഒഴുകിവന്നത്. ഒരു സ്‌ഫോടന ശബ്ദമാണ് ആദ്യം കേട്ടത്. കുത്തിയൊലിച്ച് വന്ന മണ്ണ് കഴുത്തിന് പിറകില്‍ വന്നടിച്ച് ദൂരേക്ക് തെറിച്ചുവീണു. ചെളിയില്‍ ആണ്ടുപോയ എന്നെ ആരൊക്കെയോ കണ്ടു. അവര്‍ രക്ഷിക്കുകയായിരുന്നു’. ജയന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അടിക്കടിയുണ്ടായ ഉരുള്‍പൊട്ടലിലും നിര്‍ത്താതെ പെയ്യുന്ന മഴയിലും നിലമ്പൂര്‍ നഗരം വെള്ളത്തില്‍മൂടിയ നിലയിലാണ്. നാലുദിവമായി ഉള്‍പ്രദേശങ്ങളിലെ വൈദ്യുത ബന്ധം നിലച്ചിരിക്കുകയാണ്.

കാടിനുള്ളില്‍ ഇരുന്നൂറോളം ആദിവാസികള്‍ ഒറ്റപ്പെട്ടുകിടക്കുതായും റിപ്പോര്‍ട്ടുണ്ട്. ഇവരുമായി ബന്ധപ്പെടാനോ കോളനിയിലേക്കെത്താനോ കഴിയുന്നില്ല.

മലപ്പുറം ജില്ലയിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലാണ്. ജില്ലയില്‍ 82 ക്യാമ്പുകളിലായി 12000ത്തില്‍ അധികം ആളുകളുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു.

നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 50 നും 100 നും ഇടയില്‍ ആളുകളെ കാണാതായതായിരുന്നു.

മലയിടിഞ്ഞ് ഭൂദാനം കോളനിക്കു മുകളിലേക്കു പതിക്കുകയായിരുന്നു. കുറേപ്പേരെ നാട്ടുകാര്‍ രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇനിയും കുറേപ്പേര്‍ കുടു
ങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

WATCH THIS VIDEO: