മഴക്കെടുതിയില്‍ 42 മരണം; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് മുഖ്യമന്ത്രി
Heavy Rain
മഴക്കെടുതിയില്‍ 42 മരണം; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമെന്ന് മുഖ്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Saturday, 10th August 2019, 11:54 am

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 42 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ജില്ലയില്‍ മാത്രം 11 പേര്‍ മരിച്ചു. 29997 കുടുംബങ്ങളില്‍ നിന്നായി 108138 പേര്‍ ദുരിതാശ്വാസക്യാംപില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം ജില്ല വാണിയമ്പലം മുണ്ടേരി ഭാഗത്ത് 200 കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. എന്നാല്‍ നിലവില്‍ അവര്‍ക്ക് ഭക്ഷണത്തിന് ഇപ്പോള്‍ ബുദ്ധിമുട്ടില്ല. പുഴയിലെ ഒഴുക്ക ശക്തിപ്പെടുന്നത കൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന് പ്രയാസം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വിവിധ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാൡകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ പങ്ക് വഹിക്കുന്നുണ്ട്. എല്ലാവരുടേയും കൂട്ടായ പ്രവര്‍ത്തനം പ്രതിസന്ധിയെ മറികടക്കാന്‍ ആത്മവിശ്വാസം നല്‍കുന്നു.

പലരും ജീവന്‍ പണയം വെച്ച് അര്‍പ്പണബോധത്തോടെ ചുമതല നിര്‍വഹിക്കുന്നു.
കെ.എസ്.ഇ.ബി അസിസ്റ്റര്‍ എഞ്ചിനീയര്‍ ബൈജുവിന്റെ ചുമതലയ്ക്കിടയിലെ മരണം ദുഖപ്പെടുത്തുന്നു. ബൈജുവിന്റെ വിയോഗത്തില്‍ ഇന്ന് ചേര്‍ന്ന അവലോകനയോഗം അനുശോചനം രേഖപ്പെടുത്തി.

കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അവിടെ രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ മുതല്‍ പുനരാരംഭിച്ചിട്ടുണ്ട്.