പിണറായി ഭരണകൂടം നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കുന്നു; തൃക്കാക്കരയില്‍ ഈ അനീതി ചര്‍ച്ചയാകും: കെ. സുധാകരന്‍
Kerala News
പിണറായി ഭരണകൂടം നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കുന്നു; തൃക്കാക്കരയില്‍ ഈ അനീതി ചര്‍ച്ചയാകും: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd May 2022, 9:43 pm

തിരുനവനന്തപുരം: പിണറായി വിജയന്റെ ഭരണകൂടം നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

ഈ കേസ് അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിലെ ഉന്നതന്‍ 50 ലക്ഷം രൂപ വാങ്ങിയെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതടക്കമുള്ള കാര്യങ്ങള്‍ അത്തരം ആരോപണങ്ങള്‍ ശരിവെക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ. സുധാകരന്റെ പ്രതികരണം.

കേസ് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ആക്രമണത്തെ അതിജീവിച്ച യുവതി പറയുമ്പോള്‍ ഈ സര്‍ക്കാര്‍ കേരളത്തിന്റെ പൊതു സമൂഹത്തിന് ബാധ്യതയായി മാറുകയാണ്. പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ അതിന്റെ തീവ്രത അളന്ന് നേതാക്കളെ രക്ഷപ്പെടുത്തുന്നവര്‍ നാട് ഭരിക്കുമ്പോള്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് നീതി അകലെ തന്നെയാണ്. ഈ സര്‍ക്കാര്‍ കേരളത്തിലെ ഓരോ പെണ്‍കുട്ടികള്‍ക്കും, ഓരോ വീട്ടമ്മമാര്‍ക്കും അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.

പ്രശസ്തിയും അംഗീകാരവുമുള്ള ഒരു സ്ത്രീയ്ക്ക് ഈ ഗതിയാണെങ്കില്‍ സാധാരണക്കാരായ സ്ത്രീകളോട് പിണറായി വിജയന്റെ സര്‍ക്കാര്‍ എങ്ങനെയാകും പെരുമാറുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കോടികളും പിണറായി വിജയനും ഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും പീഡിപ്പിക്കാമെന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.

ഈ കൊടിയ അക്രമം വെളിയില്‍ കൊണ്ടുവരാനും അതിജീവിതയ്ക്ക് കരുത്തുപകരാനും തിരികെയൊരു നന്ദി പോലും പ്രതീക്ഷിക്കാതെ ആദ്യാവസാനം കൂടെ നിന്നയാളാണ് പ്രിയപ്പെട്ട പി.ടി. തോമസ് എന്ന കാര്യം
പ്രബുദ്ധ കേരളം വിസ്മരിക്കരുത്. അതേ പി.ടിയുടെ തൃക്കാക്കരയില്‍ തന്നെ ഈ അനീതി കൂടുതല്‍ ചര്‍ച്ചയാകുകയാണ്.


ഈ നാട്ടിലെ പെണ്‍കുട്ടികളുടെ ആത്മാഭിമാനത്തിന് വിലയിടുന്ന പിണറായി വിജയന്റെ ഭരണത്തിന് തൃക്കാക്കരയിലെ പ്രബുദ്ധജനം വോട്ട് കൊണ്ട് മറുപടി പറയുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: K. Sudhakaran says Pinarayi Vijayan’s government is sabotaging the actress’ assault case,