'ആര്യക്ക് ചെറുപ്രായം, ബുദ്ധി കുറവ്'; മാപ്പ് പറഞ്ഞാല്‍ മതി, രാജിവെക്കേണ്ടതില്ല: കെ. സുധാകരന്‍
Kerala News
'ആര്യക്ക് ചെറുപ്രായം, ബുദ്ധി കുറവ്'; മാപ്പ് പറഞ്ഞാല്‍ മതി, രാജിവെക്കേണ്ടതില്ല: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th November 2022, 8:40 am

കണ്ണൂര്‍: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്നും മാപ്പുപറഞ്ഞാല്‍ മതിയെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പൊതുമാപ്പ് മേയര്‍ സ്ഥാനം രാജിവെക്കുന്നതിനെക്കാള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ പ്രതിപക്ഷം ആര്യയുടെ രാജി ആവശ്യവുമായി പ്രതിഷേധം നടത്തുമ്പോഴാണ് കെ. സുധാകരന്റെ പ്രതികരണം.

ആര്യക്ക് ചെറിയ പ്രായമാണ്. ബുദ്ധി കുറവാണ്. ഉപദേശം നല്‍കേണ്ടത് സി.പി.ഐ.എമ്മാണ്. മാപ്പ് പറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

‘രാജിവെക്കണം, അല്ലെങ്കില്‍ പൊതുമാപ്പ്. പൊതുമാപ്പ് എന്നത് സ്ഥാനം ഒഴിയുന്നതിനെക്കാള്‍ വലുതാണ്. മാപ്പ് പറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കും.

ഇത് വ്യക്തിപരമായ അഭിപ്രായമാണ്. മാപ്പ് പറഞ്ഞാല്‍ അക്കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. ആര്യ ചെറിയ പ്രായമാണ്. ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയര്‍ക്ക് ഉപദേശം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിക്കണം,’ കെ. സുധാകരന്‍ പറഞ്ഞു.

വിഷയത്തില്‍ ക്രൈംബ്രാഞ്ച് ആര്യ രാജേന്ദ്രന്റെ മൊഴിയെടുത്തിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൊഴി രേഖപ്പെടുത്തിയത്.

പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് സംഘം മേയറുടെ മൊഴിയെടുത്തത്. മേയറുടെ വീട്ടില്‍ വെച്ച് ഡി.വൈ.എസ്.പി ജലീല്‍ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്.

കത്ത് താന്‍ എഴുതിയതല്ലെന്നും വ്യാജമാണെന്നുമുള്ള തന്റെ വാദത്തില്‍ മേയര്‍ ഉറച്ച് നില്‍ക്കുന്നു. കത്തിന്റെ ഉറവിടം സംബന്ധിച്ചും ആരാണ് ഇത് തയ്യാറാക്കിയതെന്ന സത്യവും പുറത്തുവരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

CONTENT HIGHLIGHT:  K.P.C.C. president K. Sudhakaran said that Mayor Arya Rajendran does not need to resign in the Thiruvananthapuram Municipal Council letter controversy