മിസ്റ്റര്‍ നരേന്ദ്ര മോദി, നിങ്ങളെ ഞങ്ങള്‍ തെല്ലും ഭയപ്പെടുന്നില്ല: കെ. സുധാകരന്‍
Kerala News
മിസ്റ്റര്‍ നരേന്ദ്ര മോദി, നിങ്ങളെ ഞങ്ങള്‍ തെല്ലും ഭയപ്പെടുന്നില്ല: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th August 2022, 4:47 pm

ന്യൂദല്‍ഹി: അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും മറ്റ് എം.പിമാരെയും കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മോദി സര്‍ക്കാരിന്റെ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാജ്യത്തിന്റെ പ്രതിഷേധം അറിയിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.

‘നിങ്ങളെ ഞങ്ങള്‍ തെല്ലും ഭയപ്പെടുന്നില്ല, മിസ്റ്റര്‍ നരേന്ദ്ര മോദി. നിങ്ങള്‍ തകര്‍ത്തെറിയുന്ന ഇന്ത്യയില്‍, നിങ്ങളുടെ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ അന്നംമുട്ടിച്ച സാധാരണ മനുഷ്യരുടെ ഇന്ത്യയില്‍ അവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ഞങ്ങളീ രാജ്യത്തിന്റെ പ്രതിഷേധം നിങ്ങളെ അറിയിച്ചിരിക്കും, ഞങ്ങളീ രാജ്യത്തെ വീണ്ടെടുക്കും.

നാഴികയ്ക്ക് നാല്‍പ്പതു വട്ടം വര്‍ഗീയവിഷം ജനങ്ങളുടെ തലച്ചോറിലേക്ക് വമിപ്പിച്ച് സര്‍ക്കാരിന്റെ അഴിമതികളില്‍ നിന്നും കെടുകാര്യസ്ഥതകളില്‍ നിന്നും എല്ലാക്കാലത്തും ശ്രദ്ധ തിരിക്കാമെന്ന് നിങ്ങള്‍ കരുതേണ്ട,’ കെ. സുധാകരന്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജെബി മേത്തര്‍, രമ്യ ഹരിദാസ്, ജയ്‌റാം രമേശ്, ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ പൊലീസ് വലിച്ചുകീറിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

വെള്ളിയാഴ്ച നടന്ന രാജ്യവ്യാപക പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളെല്ലാം കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്.

രാഹുല്‍ ഗാന്ധി കറുപ്പ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചപ്പോള്‍ പ്രിയങ്ക ഗാന്ധി കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ചാണ് പ്രതിഷേധത്തിനെത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ വിഷയത്തില്‍ പ്രതിഷേധം നടക്കുന്നുണ്ട്. എല്ലാ തലസ്ഥാന നഗരികളിലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. മുംബൈയില്‍ ചില കോണ്‍ഗ്രസ് നേതാക്കളെ ആസാദ് മൈദാന്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എ.ഐ.സി.സി ആസ്ഥാനം വിട്ടെന്നും, പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി വളയാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിലക്കയറ്റം, അഗ്‌നിപഥ് തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.