യൂത്ത് കോണ്‍ഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് മുൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഈ സംഭവത്തിൽ തീരുമാനം എടുക്കേണ്ടതും അഭിപ്രായം പറയേണ്ടതും പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. താൻ കെ.പി.സി പ്രസിഡന്റ് ആയ സമയത്ത് ഇത്തരം പരാതികൾ ഉയർന്നിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വ്യക്തിപരമായി അഭിപ്രായം പറയുന്നതിൽ അർഥമില്ല. പാർട്ടിയുടെ ഉന്നത സ്ഥാനത്ത് നിൽക്കുന്ന ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ ഒരു ആരോപണം വന്നാൽ നടപടിയെടുക്കേണ്ടത് പാർട്ടിയാണ്.
ആരോപണം ഉന്നയിക്കപ്പെടുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ടത് വി.ഡി സതീശനോ കെ. സുധാകരനോയല്ല, മറിച്ച് പാർട്ടി തീരുമാനിക്കണം. ആ തീരുമാനത്തിന് ഞങ്ങളൊക്കെ വിട്ടുകൊടുത്തിരിക്കുകയാണ്.
‘ഞാൻ കെ.പി.സി.സി പ്രസിഡന്റ് ആയിരുന്നപ്പോൾ ഇത്തരം കാര്യങ്ങൾ സംഭവിച്ചിട്ടില്ല. ഞാനായിരുന്നപ്പോൾ തീരുമാനങ്ങൾ അപ്പോൾ തന്നെ നേതാക്കളെ വിളിച്ചിരുത്തി ചർച്ചകൾ നടത്തുകയും അഭിപ്രായം ആരായുകയും ചെയ്തിരുന്നു.
അതിൽ ഉരുത്തിരിഞ്ഞ് വന്ന അഭിപ്രായങ്ങൾ പാർട്ടി തീരുമാനാക്കി ഞാൻ പറയാറുണ്ട്. എന്റെ കാലയളവിൽ ഇങ്ങനെയുള്ള ആരോപണങ്ങൾ ഉണ്ടായിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും ഈ കാലത്ത് പരാതികൾ എന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല.
ഇതിൽ ആരോപണം വൈകുംതോറും പാർട്ടി സമ്മർദ്ദത്തിലാകും. അതിനാൽ പാർട്ടി എത്രയും പെട്ടെന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കണം. അധികം വൈകാതെ തന്നെ പാർട്ടിയുടെ ഉന്നത നേതൃത്വം അതിൽ പരിഹാര നടപടി സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം.