ഇന്ന് തീരുമാനിച്ചാല്‍ നാളെ തന്നെ വീട് പണി തുടങ്ങാം; കെ സ്മാര്‍ട്ടിലൂടെ ഒരു മിനിറ്റിനുള്ളില്‍ പെര്‍മിറ്റെന്ന് മന്ത്രി രാജേഷ്
Kerala
ഇന്ന് തീരുമാനിച്ചാല്‍ നാളെ തന്നെ വീട് പണി തുടങ്ങാം; കെ സ്മാര്‍ട്ടിലൂടെ ഒരു മിനിറ്റിനുള്ളില്‍ പെര്‍മിറ്റെന്ന് മന്ത്രി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th November 2025, 9:07 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കെ സ്മാര്‍ട്ട് വഴി അപേക്ഷ നല്‍കിയാല്‍ ഒരു മിനിറ്റിനുള്ളില്‍ വീട് പണിയാന്‍ അനുമതി ലഭിക്കുമെന്ന അപ്‌ഡേറ്റ് അറിയിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്.

300 ചതുരശ്ര മീറ്ററിനു താഴെയുള്ള ഒരു വീട് പണിയാന്‍, നിയമാനുസൃതമായ പ്ലാന്‍ സഹിതം കെ സ്മാര്‍ട്ടിലൂടെ അപേക്ഷ നല്‍കിയാല്‍ ഒരു മിനിറ്റിനുള്ളില്‍ ബില്‍ഡിങ് പെര്‍മിറ്റ് ലഭിക്കും.

നാളെ ആവണമെന്നില്ല, അന്നേദിവസം തന്നെ വേണമെങ്കിലും പെര്‍മിറ്റോടെ പണി ആരംഭിക്കാമെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഒക്ടോബര്‍ 31 വരെ ഇത്തരത്തില്‍ 84998 ബില്‍ഡിങ് പെര്‍മിറ്റുകളാണ് നല്‍കിയതെന്നും ഈ വീടുകള്‍ നിര്‍മാണ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ 80% വീടുകള്‍ നിര്‍മ്മിക്കാനുള്ള അപേക്ഷകളും ഈ ഗണത്തിലാണ് വരുന്നത്. കെ സ്മാര്‍ട്ട് വഴി നടപ്പിലായ വിപ്ലവകരമായ മാറ്റമാണിത്.

മുമ്പുണ്ടായിരുന്ന ഉയരത്തിന്റെ നിബന്ധനയും ഇപ്പോള്‍ എടുത്തുകളഞ്ഞെന്നും അതുകൊണ്ട് തന്നെ 3229.17 ചതു. അടി വിസ്തീര്‍ണത്തില്‍ അധികരിക്കാത്ത എല്ലാ കെട്ടിടങ്ങള്‍ക്കും നിയമാനുസൃതമാണ് പ്ലാനെങ്കില്‍, ഉദ്യോഗസ്ഥ ഇടപെടലോ പരിശോധനകളോ ഇല്ലാതെ തത്സമയം പെര്‍മ്മിറ്റ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതോടെ ഒക്യുപന്‍സി സമയത്ത് മാത്രമാണ് ഉദ്യോഗസ്ഥ തലത്തിലെ പരിശോധന ആവശ്യമായി വരുന്നതെന്നും ഈ വിപ്ലവകരമായ തീരുമാനവും മാറ്റവും നിങ്ങള്‍ അറിഞ്ഞിരുന്നോവെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

Content Highlight: K Smart: If you decide today, you can start building a house tomorrow; Minister Rajesh