ഭരണഘടനാ ഭേദഗതിയിലെ അതൃപ്തി; വാഫി, വഫിയ്യ കോളേജുമായുള്ള ബന്ധം ഉപേക്ഷിച്ച് സമസ്ത
Kerala News
ഭരണഘടനാ ഭേദഗതിയിലെ അതൃപ്തി; വാഫി, വഫിയ്യ കോളേജുമായുള്ള ബന്ധം ഉപേക്ഷിച്ച് സമസ്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd June 2022, 11:40 am

കോഴിക്കോട്: വാഫി, വഫിയ്യ കോര്‍ഡിനേഷന്‍ സമിതിയായ ഇസ്‌ലാമിക് കോളേജ് കൗണ്‍സിലു(സി.ഐ.സി)മായുള്ള ബന്ധം ഉപേക്ഷിച്ച് ഇ.കെ സമസ്ത.

മതപഠനവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടക്കുന്ന ഇസ്‌ലാമിക് കോളേജ് കൗണ്‍സിലുമായി ഒരു ബന്ധവുമില്ലെന്നാണ് സമസ്ത അറിയിക്കുന്നത്.

സമസ്ത പ്രസിഡന്റിനെ സി.ഐ.സി ഉപദേശക സമിതിയില്‍ നിന്നുമാറ്റാനുള്ള ഭരണ ഘടനാ ഭേദഗതിയെ തുടര്‍ന്നാണ് സമസ്തയുടെ തീരുമാനം.

സമസ്ത പ്രസിഡന്റ് സി.ഐ.സിയുടെ ഉപദേശക സമിതി അംഗമായിരുന്നു. എന്നാല്‍ ഭരണഘടനാഭേദഗതി പ്രകാരം സമസ്ത പ്രസിഡന്റ് അംഗമാകണമെന്നില്ല. സമസ്തയുടെ ഏതെങ്കിലുമൊരു മുശാവറാംഗം മാത്രം ഉപദേശകസമിതി ഉണ്ടായാല്‍ മതി. ഇത് സമസ്തയുടെ നിയന്ത്രണത്തില്‍ നിന്ന് സി.ഐ.സിയെ പതിയെ ഒഴിവാക്കാനാണെന്നാണ് വിമര്‍ശനം.

കൂടാതെ, വഫിയ്യ കോഴ്സ് പഠിക്കുന്ന പെണ്‍കുട്ടികള്‍ കോഴ്സ് കാലാവധി കഴിയുന്നതുവരെ വിവാഹം കഴിക്കാന്‍ പാടില്ലെന്നും അങ്ങനെ വിവാഹിതരായാല്‍ അവര്‍ പഠിക്കുന്ന സ്ഥാപനം അവരെ പുറത്താക്കണമെന്നുമുള്ള സര്‍ക്കുലറിനെതിരെയും സമസ്ത രംഗത്തുവന്നിരുന്നു.

ഈ രണ്ട് വിഷയത്തിലും സി.ഐ.സിയോട് സമസ്ത രേഖാമൂലം വിശദീകരണം ചോദിച്ചിരുന്നു. ഇതില്‍ ഒരു മറുപടിയും തന്നില്ലെന്നാണ് സമസ്ത ജനറല്‍ സെക്രട്ടറി ആലക്കുട്ടി മുസ്‌ലിയാര്‍ സി.ഐ.സിക്കയച്ച കത്തില്‍
പറയുന്നത്. ഇതേതുടര്‍ന്നാണ് സി.ഐ.സിയുമായുള്ള ബന്ധം ഉപേക്ഷക്കുന്നതെന്നും ആലക്കുട്ടി മുസ്‌ലിയാര്‍ സര്‍ക്കുലറില്‍ പറയുന്നു.

ജൂണ്‍ എട്ടിന് ചേര്‍ന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തിലാണ് ഇസ്‌ലാമിക് കോളേജ് കൗണ്‍സിലുമായുള്ള എല്ലാ സംഘടാബന്ധങ്ങളും ഉപേക്ഷിക്കാന്‍ സമസ്ത തീരുമാനിച്ചത്. സമസ്തയും ലീഗും തമ്മിലുള്ള തര്‍ക്കത്തില്‍ സി.ഐ.സിയെ ഉപയോഗിക്കുന്നു എന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നുവരുന്നുണ്ട്.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സി.ഐ.സിയുടെ അധ്യക്ഷന്‍. 90 ലധികം കോളേജുകളാണ് സി.ഐ.സിക്ക് കീഴിലുള്ളത്.