തിരുവനന്തപുരം: തൃശൂര്‍ കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. അത്താഴപ്പട്ടിണിക്കാരുടെ വരെ പണം കൊള്ളയടിക്കുന്ന നേരും നെറിയും കെട്ട പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്ന് സുധാകരന്‍ പറഞ്ഞു.
കുട്ടികളുടെ കല്യാണത്തിനും പഠനത്തിനും ചികിത്സയ്ക്കുമൊക്കെ ഇന്നാട്ടിലെ സാധാരണക്കാരന്റെ അത്താണിയാണ് സഹകരണ ബാങ്കുകള്‍. മുണ്ടുമുറുക്കിയുടുത്ത് അവര്‍ സ്വരുക്കൂട്ടിവെച്ച പണമാണ് സി.പി.ഐ.എം തട്ടിയെടുത്തത്. നിങ്ങളൊരു രാഷ്ട്രീയ പ്രസ്ഥാനമല്ല, ആസൂത്രിത കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘടിത ഭീകര സംഘമാണെന്നും സുധാകരന്‍ പറഞ്ഞു.
സ്വന്തം പണം തിരിച്ചെടുക്കാനാവാത്ത പാവങ്ങളുടെ നിലവിളി കേരളീയ പൊതുസമൂഹം കേള്‍ക്കുന്നില്ല. അവരുടെ കണ്ണീര്‍ ജനം കാണുന്നില്ല. ചികിത്സയ്ക്ക് പണം ലഭിക്കാതെ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നില്ല.
കക്ഷിരാഷ്ട്രീയത്തിനതീതമായി ആ പാവങ്ങളുടെ വേദന തിരിച്ചറിയാന്‍ നാം തയ്യാറാകണം. സഹകരണ ബാങ്കുകളില്‍ കോടികളുടെ കൊള്ള നടത്തിയത് സി.പി.ഐ.എം ഉന്നത നേതൃത്വമാണ്. ആ പണം തിരിച്ചടക്കേണ്ടത് നമ്മുടെ നികുതിപ്പണമെടുത്തല്ലെന്നും സുധാകരന്‍ പറഞ്ഞു.



