'വായ മൂടിക്കെട്ടിയ പോത്ത്'; മുഖ്യമന്ത്രിക്കെതിരായ കെ. സുധാകരന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ വിമര്‍ശനം
Kerala News
'വായ മൂടിക്കെട്ടിയ പോത്ത്'; മുഖ്യമന്ത്രിക്കെതിരായ കെ. സുധാകരന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd September 2023, 3:49 pm

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദ്വേഷ പരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രി വായ മൂടിക്കെട്ടിയ പോത്താണെന്ന് സുധാകരന്‍ പറഞ്ഞു. തൊലിക്കട്ടി കൂടുതലുള്ളതുകൊണ്ടാണ് പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി പ്രചാരണത്തിന് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് സുധാകരന്റെ വിവാദ പരാമര്‍ശം.

‘മുഖ്യമന്ത്രിക്കെതിരെയുള്ള പോരാട്ടം സി.പി.ഐ.എമ്മില്‍ നിന്ന് തന്നെ തുടക്കം കുറിച്ചു. സര്‍ക്കാര്‍ വിരുദ്ധ വികാരം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും. മുഖ്യമന്ത്രിയുടെ കൊള്ളരുതായ്മയും കൊള്ളയും കൊള്ളിവെപ്പും അവരുടെ പാര്‍ട്ടിയില്‍ തന്നെ ചര്‍ച്ചയാകും.
തന്റെ കാര്യം നോക്കുന്നയാളാണ് മുഖ്യമന്ത്രി. സി.പി.ഐ.എമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍ ഇത് പറഞ്ഞുതുടങ്ങി. അദ്ദേഹത്തിന്റെ സംരക്ഷണത്തിന്റെ പൊലീസ്, സംരക്ഷണത്തിന്റെ ചെലവ്, മകള്‍ക്ക് വരുന്ന മാസപ്പടി… ഇതിനെക്കുറിച്ചൊന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രി വായ മൂടിക്കെട്ടിയ പോത്താണ്.

മൂന്ന് ദിവസം പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയെത്തിയത് തൊലിക്കട്ടികൊണ്ട് മാത്രമാണ്. തൊലിക്കട്ടിയില്ലെങ്കില്‍ വരില്ലായിരുന്നു. ഞങ്ങള്‍ വലിയ വിജയപ്രതീക്ഷയിലാണ്. ചാണ്ടി ഉമ്മനെക്കുറിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ ജനം വിലയിരുത്തട്ടെ, എതിരാളികള്‍ക്കെതിരെയുള്ള ആക്ഷേപവും ജനം വിലയിരുത്തും. വസ്തുതകള്‍ അവര്‍ തീരുമാനിക്കട്ടെ,’ സുധാകരന്‍ പറഞ്ഞു.

സുധാകര്‍ന്റെ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സി.പി.ഐ.എം രംഗത്തെത്തി.
പോത്ത് പരാമര്‍ശം ചേരുന്നത് സുധാകരന് തന്നെയാണെന്നായിരുന്നു മന്ത്രി വി.എന്‍. വാസവന്‍വന്റെ പ്രതികരണം. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിന് യോജിക്കാത്ത പരാമര്‍ശമാണ് സുധാകരന്‍ നടത്തിയതെന്നും വാസവന്‍ പറഞ്ഞു.

Content Highlight: K.P.C.C President K. Sudhakaran made hate speech against Chief Minister Pinarayi Vijayan