ഹിന്ദി അറിയുന്നവര്‍ ദേശീയ രാഷ്ട്രീയത്തില്‍ വേണം, ചെന്നിത്തലക്ക് ഹിന്ദി അറിയാം; ഹിന്ദി അറിയാത്തതാണ് ഞാന്‍ ദേശീയ രാഷ്ട്രീയത്തില്‍ നില്‍ക്കാത്തതിന്റെ കാരണം: കെ. മുരളീധരന്‍
Kerala News
ഹിന്ദി അറിയുന്നവര്‍ ദേശീയ രാഷ്ട്രീയത്തില്‍ വേണം, ചെന്നിത്തലക്ക് ഹിന്ദി അറിയാം; ഹിന്ദി അറിയാത്തതാണ് ഞാന്‍ ദേശീയ രാഷ്ട്രീയത്തില്‍ നില്‍ക്കാത്തതിന്റെ കാരണം: കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th March 2022, 11:31 am

തിരുവനന്തപുരം: ഹിന്ദി അറിയാവുന്നവര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് കെ. മുരളീധരന്‍ എം.പി. രമേശ് ചെന്നിത്തലക്ക് ഹിന്ദി നന്നായി വഴങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു.

ഉത്തരേന്ത്യയില്‍ ഹിന്ദി ഒരു പ്രധാന ഘടകമാണ്. താന്‍ പൂര്‍ണമായും ദേശീയ രാഷ്ട്രീയത്തില്‍ നില്‍ക്കാത്തതിന്റെ കാരണം അതാണ്. ഹിന്ദി ദേശീയ ഭാഷയാണ്, അത് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദി നന്നായി അറിയുന്ന രമേശ് ചെന്നിത്തലയെ പോലുള്ള ആളുകളുണ്ട്. അവര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്നും ജെബി മേത്തറെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയത് ഉചിതമായ തീരുമാനമാണെന്നും മുരളീധരന്‍ പറഞ്ഞു.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ സമീപകാല തെരഞ്ഞെടുപ്പുകളില്‍ തോറ്റവരെ പരിഗണിക്കരുതെന്ന് കെ. മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്റിന് മുരളീധരന്‍ കത്തയക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ ആ മണ്ഡലങ്ങളില്‍ പോയി ജോലി ചെയ്യണമെന്നാണ് മുരളീധരന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറിനെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍ നിലവില്‍ കെ.പി.സി.സി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്.

വനിത, യുവ, ന്യൂനപക്ഷ പ്രാതിനിധ്യം കണക്കിലെടുത്താണ് ജെബി മേത്തറിന് നറുക്കുവീണത്. 1980 ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു വനിതയെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയക്കുന്നത്.


Content Highlights: K Muraleedharan says  he don’t know hindi, Ramesh Chennithala have knowledge in hindi